ADVERTISEMENT

കാഞ്ചിയാർ∙ അനുമോളെ കൊലപ്പെടുത്തി മൃതദേഹം പുതപ്പിനുള്ളിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ വച്ചശേഷം ഭർത്താവ് വിജേഷ് ബന്ധുക്കളോട് കള്ളം പറഞ്ഞെന്ന് വിവരം. കുഞ്ഞിന് പനിയാണെങ്കിലും നഴ്‌സറിയിൽ വാർഷികമാണെന്ന് പറഞ്ഞ് അനുമോൾ ശനിയാഴ്ച രാവിലെ പോയെന്നാണു വിജേഷ് ബന്ധുക്കളോട് പറഞ്ഞത്. കുട്ടിയും അനുമോളും നഴ്‌സറിയിൽ എത്താത്തതിനെ തുടർന്ന് നഴ്സറി അധികൃതർ ബന്ധുക്കളെ വിളിച്ചപ്പോൾ കുഞ്ഞിനു പനിയായതിനാൽ ആശുപത്രിയിലാണെന്നു പറഞ്ഞു.

വിജേഷ് കുട്ടിയുമായി അവിടെ നിൽക്കുന്ന ചിത്രങ്ങൾ ബന്ധുവിന് അയച്ചു നൽകുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടായിട്ടും അനുമോൾ വീട്ടിൽ എത്തിയില്ലെന്ന് ഇയാൾ യുവതിയുടെ ബന്ധുക്കളെ വിളിച്ചറിയിച്ചു. ഞായറാഴ്ച ഇവർ പേഴുംകണ്ടത്തെ വീട്ടിൽ എത്തിയെങ്കിലും അനുമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന നിലപാടിലായിരുന്നു വിജേഷ്. ഇതേ തുടർന്നാണു യുവതിയുടെ ബന്ധുക്കൾക്കൊപ്പം ഇയാളും പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്.

ചൊവ്വാഴ്ചയായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതോടെ സലോമിയുടെ മകൾ സിബിന പൊലീസ് സ്‌റ്റേഷനിലെത്തി. ഇതിനിടെ, മറ്റൊരാളുമായി അനുമോൾക്ക് ബന്ധം ഉണ്ടായിരുന്നെന്ന രീതിയിൽ വിജേഷ് തന്നോടു പറഞ്ഞിരുന്നെന്ന് സിബിന പറയുന്നു. കയ്യിൽ മോതിരവും ചെയിനുമെല്ലാം ഉള്ളതിനാൽ ഇറങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന രീതിയിലും ഇയാൾ സംസാരിച്ചിരുന്നു. ഇക്കാര്യം സിബിന പൊലീസിനോടു പറഞ്ഞു. ആ രീതിയിലും അന്വേഷണം നടത്തിയെങ്കിലും അത്തരത്തിലൊരാൾ ഇല്ലെന്ന സൂചനയാണ് ലഭിച്ചതെന്ന് സിബിന പറയുന്നു. അതോടെ അപകടപ്പെടുത്തിയിരിക്കാമെന്ന സംശയമായി. വീട്ടിൽ എത്തിയശേഷം അനുമോളുടെ മാതാപിതാക്കളെ വിളിച്ചപ്പോഴേക്കും അവർ പേഴുംകണ്ടത്ത് വീട്ടിലെത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.

മാർച്ച് 21ന് വൈകിട്ടാണ് വീടിന്റെ കിടപ്പുമുറിയിൽ അധ്യാപികയായ അനുമോളുടെ ((വത്സമ്മ – 27) മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. തലയ്ക്കു ക്ഷതമേറ്റു രക്തം വാർന്നാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി ജീർണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു വിലയിരുത്തൽ.

English Summary: Idukki Anumol Murder: Vijesh tells lie to Relatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com