ADVERTISEMENT

തിരുവനന്തപുരം ∙ രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ വ്യാഴാഴ്ച വൈകുന്നേരം വായ്മൂടിക്കെട്ടി പ്രതിഷേധിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ചവിട്ടിമെതിക്കപ്പെടുകയാണെന്നും ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും കെപിസിസി ആഹ്വാനം ചെയ്തു.

മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ വച്ചായിരുന്നു പരാമര്‍ശം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് ജാമ്യം അനുവദിച്ച കോടതി അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തെ ശിക്ഷ ശരിവച്ചാല്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍നിന്ന് അയോഗ്യനാകും.

കോടതി വിധിക്കുപിന്നാലെ രാഹുലിനെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ബിജെപിക്കാരല്ലാത്ത നേതാക്കളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്ന് കേജ്‌രിവാൾ ആരോപിച്ചു. ഏകാധിപതിക്കെതിരെയാണ് രാഹുൽ ശബ്ദമുയർത്തിയതെന്നും വിധി അപ്രതീക്ഷിതമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അതേസമയം, രാഹുൽ കോൺഗ്രസിനുതന്നെ തലവേദനയാണെന്ന് കേന്ദ്രനിയമമന്ത്രി കിരൺ റിജിജു പറഞ്ഞു.

English Summary: KPCC protest against modi surname case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com