തൃശൂർ ∙ കള്ളുഷാപ്പിലിരുന്നു കള്ളു കുടിക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. മദ്യപാനം പ്രോൽസാഹിപ്പിക്കൽ, മദ്യ ഉപയോഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവ തടയാൻ അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പു ചുമത്തിയാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയായ ചേർപ്പ് സ്വദേശിനി അഞ്ജനയാണ് അറസ്റ്റിലായത്.
തൃശൂർ പുള്ള് മേഖലയിലെ ഷാപ്പിൽ 5 യുവതികളുടെ സംഘം കള്ളു കുടിക്കുന്നതിന്റെ വിഡിയോയാണ് ഇൻസ്റ്റഗ്രാം റീൽ ആയി പോസ്റ്റ് ചെയ്തത്. വിഡിയോ അതിവേഗം തരംഗമായി. ഇതോടെ എക്സൈസ് സ്പെഷൽ സ്ക്വാഡ് കേസെടുക്കുകയും അക്കൗണ്ട് ഉടമയെ കണ്ടെത്താൻ സൈബർസെൽ സഹായം തേടുകയും ചെയ്തു.
അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞതോടെയാണു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമകളിലടക്കം മദ്യപാന രംഗങ്ങൾ നിയമപരമായ മുന്നറിയിപ്പില്ലാതെ കാണിക്കുന്നതു കുറ്റകരമാണെന്ന് എക്സൈസ് അറിയിച്ചു.
English Summary: Lady who posted drinking toddy in instagram arrested