ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കാനുള്ള ആക്സസ് കൺട്രോൾ സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് ഇടത് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. പ്രധാന കവാടങ്ങളിൽ സുരക്ഷയ്ക്കായി മാത്രം സംവിധാനം പരിമിതപ്പെടുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സംഘടന മുന്നറിയിപ്പു നൽകി. സെക്രട്ടേറിയറ്റിൽ കാൽച്ചങ്ങലകൾ വേണ്ടെന്നും, ചില അഖിലേന്ത്യാ ഉദ്യോഗസ്ഥ പ്രമാണിമാർക്ക് ഈയിടെയായി സെക്രട്ടേറിയറ്റ് ജീവനക്കാരോട് കലശലായ വിരോധമാണെന്നും സംഘടനയുടെ നോട്ടിസിൽ പറയുന്നു.

സെക്രട്ടേറിയറ്റ് ജീവനക്കാരെ പണിയെടുക്കാതെ കറങ്ങി നടക്കുന്നവരായാണ് ചിത്രീകരിക്കുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരാണോ ഐഎഎസ് ഉദ്യോഗസ്ഥരാണോ ഫയൽ പഠിച്ച് കുറിപ്പെഴുതുന്നതെന്ന് രാഷ്ട്രീയ നേതൃത്വം പരിശോധിക്കണം. താഴേത്തട്ടിൽനിന്ന് വരുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമാണ് ഐഎഎസുകാർ ചെയ്യുന്നത്. കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്നത് ജീവനക്കാർ ജോലി ചെയ്യുന്ന ഇടത്തിൽനിന്നും മറ്റൊരു കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ പാടില്ലാത്ത വിധത്തിലാണ്. പലയിടങ്ങളിലും വനിതകൾക്കുപോലും ശുചിമുറികളില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പുറത്തിറങ്ങിയാൽ ശമ്പളം നഷ്ടപ്പെടുന്ന അവസ്ഥയാണ്. മൂത്രമൊഴിക്കാനുള്ള സംവിധാനം കൂടി സീറ്റുകളിൽ ഘടിപ്പിച്ചാൽ സന്തോഷമായെന്നും നോട്ടിസിൽ പറയുന്നു.

ഏപ്രിൽ ഒന്നു മുതലാണ് ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നത്. രണ്ടു മാസത്തേക്ക് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. നിർദേശങ്ങൾ കണക്കിലെടുത്ത് ബയോമെട്രിക് ഹാജർ സംവിധാനവുമായി ബന്ധിപ്പിക്കും. പദ്ധതി നിർവഹണത്തിന്റെ ചുമതല പൊതുഭരണ വകുപ്പിനാണ്.

രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാൻ സാധിക്കൂ. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതിൽ തുറക്കൂ. പുറത്തു പോകുമ്പോഴും പഞ്ചിങ് നടത്തണം.

left-secretariat-employees-aganist-access-control
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പുറത്തിറക്കിയ നോട്ടിസ്

തിരികെയെത്തുന്നത് അര മണിക്കൂറിനു ശേഷമെങ്കിൽ അത്രയും മണിക്കൂർ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്തും. അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കണം. പുതിയ സംവിധാനം വരുന്നതോടെ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തും. ഏതു സെക്‌ഷനിൽ ആരെ സന്ദർശിക്കുന്നു എന്നു സന്ദർശക കാർഡ് വഴി നിയന്ത്രിക്കും.

English Summary: Secretariat employees criticism against access control system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com