കട്ടപ്പന∙ കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ ഒളിപ്പിച്ച സംഭവത്തിൽ സംശയ നിഴലിലുള്ള ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. പേഴുംകണ്ടം വട്ടമുകളേൽ വിജേഷിന്റെ ഭാര്യ അനുമോളുടെ(വത്സമ്മ-27) മരണത്തിലാണ് ഭർത്താവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നടത്തുന്നത്. ഭാര്യയെ കാണാനില്ലെന്ന് വ്യക്തമാക്കി 19ന് പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകിയ ഇയാളെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ 21 മുതലാണ് കാണാതായത്. കുമളി അട്ടപ്പള്ളത്തിനു സമീപം മൊബൈൽ ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപെട്ടത്.
അതേസമയം, ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയതിനാൽ മറ്റു ശാസ്ത്രീയ മാർഗങ്ങളിലൂടെ ഇയാളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇയാൾ അതിർത്തി കടന്നിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിശാൽ ജോൺസൻ, പ്രിൻസിപ്പൽ എസ്‌ഐ കെ.ദിലീപ്കുമാർ എന്നിവർ അടക്കമുള്ള അന്വേഷണ സംഘം 5 ടീമായി തിരിഞ്ഞാണ് വിജേഷിനെ തിരയുന്നത്.
തലക്കേറ്റ ക്ഷതം മൂലമുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അനുമോളുടെ മരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതെന്നാണ് പൊലീസ് നൽകുന്ന വിവരം. 18 മുതൽ കാണാതായ അനുമോളുടെ മൃതദേഹം 21ന് വൈകിട്ടാണ് കണ്ടെത്തിയത്. അതിനാൽ ജീർണിച്ചിരുന്നു. ഈ സാഹചര്യത്തിൽ മരണ കാരണം കൃത്യമായി നിർണയിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ കൃത്യം നടന്ന പേഴുംകണ്ടത്തെ വീട്ടിലെത്തി പരിശോധന നടത്തി. സയന്റിഫിക് വിദഗ്ധർ അടുത്ത ദിവസം വീണ്ടും വീട്ടിലെത്തി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്.
English Summary: Kattappana Anumol Murder Case - Updates