ADVERTISEMENT

ഭുവനേശ്വർ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും ഭീഷണിയുയർത്തി മൂന്നാം മുന്നണിക്കുള്ള കളമൊരുങ്ങുന്നു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി ഇന്നു വൈകുന്നേരം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞയാഴ്ച ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിൽ പുതിയൊരു രാഷ്ട്രീയ മുന്നണിയെക്കുറിച്ചുള്ള പ്രഖ്യാപനവും നടത്തിയിരുന്നു.

കർണാടക മുൻ മുഖ്യമന്ത്രിയും ജെഡ‍ിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയെ നാളെ കൊൽക്കത്തയിൽവച്ച് മമത കാണും. ഈ മാസം അവസാനത്തോടെ ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കേജ്‌രിവാളുമായും അവർ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.

അതേസമയം, മൂന്നാം മുന്നണിയെന്ന പദം ഒഴിവാക്കി ‘ഭരണനിർവഹണ പ്ലാറ്റ്ഫോം’ എന്ന വാക്കാണ് മമത പ്രാദേശിക പാർട്ടികളെ ഒരു വേദിയിൽ കൊടുവരാനുള്ള പരിശ്രമത്തെ വിശേഷിപ്പിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിയെന്ന സഖ്യത്തിന്റെ ഭാഗമായാൽ അതു തങ്ങളുടെ പ്രതീക്ഷകളെ തച്ചുടയ്ക്കുമോ എന്ന ഭീതി പല പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. ഇതുകൊണ്ടാണ് ഭരണനിർവഹണ പ്ലാറ്റ്ഫോം എന്ന പേരിൽ പുതിയൊരു കൂട്ടായ്മ രൂപപ്പെടുത്താൻ മമത മുന്നിട്ടിറങ്ങിയിരിക്കുന്നത്.

അതേസമയം, ഞങ്ങൾ എട്ട് മുഖ്യമന്ത്രിമാർ ഉണ്ടെന്നും പരസ്പരം ഓരോരുത്തരുടെ സംസ്ഥാനങ്ങളിലേക്ക് എല്ലാവരും പോകുമെന്നും അരവിന്ദ് കേ‌ജ്‌രിവാൾ പറഞ്ഞു. ഇതൊരു രാഷ്ട്രീയ പ്ലാറ്റ്ഫോം അല്ല ഭരണനിർവഹണ പ്ലാറ്റ്ഫോം ആണ്. ഓരോ സംസ്ഥാനങ്ങളിലും എന്താണ് മികച്ചതെന്ന് കണ്ടെത്തി അവ ഞങ്ങളും പഠിക്കും, കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

English Summary: Third Front Buzz Festers As Mamata Banerjee Meets Naveen Patnaik Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com