ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം വർധിപ്പിച്ചു. നിലവിൽ 38 ശതമാനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായാണ് ഉയർത്തിയത്. രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇതിന്റെ നേട്ടം. പ്രധാൻമന്ത്രി ഉജ്വൽ യോജന പ്രകാരമുള്ള എൽപിജി സബ്സിഡി ഒരു വർഷത്തേക്കു കൂടി നീട്ടാനും തീരുമാനമായി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സിലിണ്ടർ ഒന്നിന് 200 രൂപ കിഴിവിൽ 12 സിലിണ്ടർ ലഭിക്കും.

ക്ഷാമബത്ത ഉയർത്തുന്നതോടെ കേന്ദ്ര സർക്കാരിനു 12,815 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. 2023 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യമുണ്ടാകും. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ)യും പെൻഷൻകാർക്ക് ക്ഷാമകാല ആശ്വാസ(ഡിആർ) വർധനയുമാണ് മുൻകാല പ്രാബല്യത്തോടെ ലഭിക്കുക. 

‘47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കുമാണ് ഇതിന്റെ നേട്ടമുണ്ടാകുക. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ നിർദേശങ്ങൾ അനുസരിച്ചാണ് നിലവിലെ വർധന’– സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 

ഇതിനു മുൻപ് 2022 സെപ്റ്റംബറിലാണ് ക്ഷാമബത്ത ഉയർത്തിയത്. ഇത് 2022 ജൂലൈ 1ലെ മുൻകാല പ്രാബല്യത്തോടെയായിരുന്നു. അന്നും നാലു ശതമാനാണ് വർധിപ്പിച്ചത്. വർഷത്തിൽ രണ്ടു തവണയാണ് ക്ഷാമബത്ത വർധിപ്പിക്കുക.

English Summary: Cabinet Clears 4% Hike In Dearness Allowance For Government Employees

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com