ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാതയുടെ വികസനത്തിന് പണം അനുവദിച്ച കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. രണ്ടു ദേശീയപാതകളുടെ വികസനത്തിനായി 804.76 കോടി രൂപയാണ് അനുവദിച്ചത്.

അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന് 350.75 കോടി രൂപയും ദേശീയപാത 766ൽ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടി റോഡിന് 454.1 കോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രധാന ആവശ്യങ്ങളായിരുന്ന കൊടുവള്ളി, താമരശേരി ബൈപ്പാസുകളെയും പദ്ധതിയിൽ പരിഗണിച്ചിട്ടുണ്ട്. തുക അനുവദിച്ച രണ്ട് റോഡുകളുടെയും വികസനം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതുമരാമത്ത് ദേശീയപാത വിഭാഗം സമര്‍പ്പിച്ച പദ്ധതി പരിഗണിച്ചാണ് സാമ്പത്തിക അനുമതി നൽകിയിരിക്കുന്നത്. ദേശീയപാത 766ൽ 35 കിലോമീറ്റർ നവീകരിക്കുന്നതിനുള്ള പദ്ധതി നിർദേശമാണ് സമർപ്പിച്ചിരുന്നത്. പേവ്ഡ് ഷോള്‍ഡറുകളോടു കൂടിയ രണ്ടു വരിപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള സാമ്പത്തികാനുമതിയാണ് ലഭ്യമായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയപാത 766ന്റെ വികസനം പ്രത്യേകമായി ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നതായി മന്ത്രി പറഞ്ഞു. ഇതേ തുടർന്ന് ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു.

എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തും. ഒന്നാം റീച്ചിൽ വനഭൂമി വിട്ടു കിട്ടുന്നതിന് വനം വകുപ്പുമായി ചേർന്ന് പ്രത്യേക ഇടപെടൽ നടത്തും. പാത നവീകരണം കോഴിക്കോട്, വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിന് ഗുണകരമാകും. കാർഷിക മേഖലയുടെയും ടൂറിസം മേഖലയുടെയും വികസനത്തിന് നവീകരണം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary: Minister Mohammed Riyas pays gratitude to Union Minister Nitin Gadkari for alloting Rs 804 crore to NH development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com