കൂരാച്ചുണ്ട് (കോഴിക്കോട്)∙ റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിൽ (28) ആണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അഖിലിനൊപ്പം കാളങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോൾ മർദനമേറ്റതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനു സാധിക്കാത്തതിനാൽ കേസെടുത്തുരുന്നില്ല.
വെള്ളിയാഴ്ച ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. സംഭവത്തിൽ വനിതാ കമ്മിഷനും കേസെടുത്തു. ആറു മാസം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവ് ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. യുവാവിന്റെ വീട്ടിൽ പ്രശ്നം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
ഇരുവരും ഖത്തർ, നേപ്പാൾ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഒരു മാസം മുൻപാണ് ഇന്ത്യയിൽ എത്തിയത്. യുവതിയുടെ പാസ്പോർട്ടും, ഐഫോണും യുവാവ് നശിപ്പിച്ചെന്നും, നിരന്തരം മർദിച്ചെന്നും മൊഴിയിൽ പറയുന്നു. കാളങ്ങാലിയിലെ വീട്ടിൽനിന്നു മൂന്നു ഗ്രാം കഞ്ചാവ് സഹിതമാണ് ആഖിലിനെ പിടികൂടിയത്. രണ്ടു കേസുകളിലും പ്രതിയായ യുവാവിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
English Summary: Russian woman rape case: Youth arrested