ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽനിന്ന് അയോഗ്യനായതോടെ കേരളത്തിലും കോൺഗ്രസ്-സിപിഎം സഖ്യം നിലവിൽ വന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുൽ ഗാന്ധിക്ക് വേണ്ടി തെരുവിലിറങ്ങുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനും ഇരുകൂട്ടരും തയാറാവണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ അഴിമതിക്കാരെല്ലാവരും ഒന്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

‘‘സംസ്ഥാന സർക്കാരിന്റെ ആശീർവാദത്തോടെയാണ് കോൺഗ്രസുകാർ കേരളത്തിൽ അഴിഞ്ഞാടുന്നത്. ജനജീവിതത്തെ ബാധിക്കുന്ന രീതിയിലാണ് കോൺഗ്രസിന്റെ അക്രമസമരങ്ങൾ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആക്രമണം അഴിച്ചുവിട്ട കോൺഗ്രസ് ഗുണ്ടകൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തി. റെയിൽവേ സ്റ്റേഷനിലെ പ്രധാനമന്ത്രിയുടെ ചിത്രം കീറുകയും ആർപിഎഫുകാരെ ആക്രമിക്കുകയും ചെയ്ത കോൺഗ്രസ് ഗുണ്ടകൾ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

കോൺഗ്രസ് നേതാക്കൾ, കലാപാഹ്വാനം നടത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വെല്ലുവിളിക്കുന്നു. പൊലീസ് പൂർണമായും നിഷ്ക്രിയമായിരിക്കുന്നു. സിപിഎമ്മിന്റെ സഖ്യകക്ഷിയായതു കൊണ്ടാണോ കോൺഗ്രസിന്റെ അഴിഞ്ഞാട്ടത്തിനെതിരെ പൊലീസ്‌ നടപടിയെടുക്കാത്തതെന്ന് മുഖ്യമന്ത്രി പറയണം.

ഇന്ത്യയിലെ കോടതികൾക്ക് വിശ്വാസ്യതയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ജുഡീഷ്യറിയെയും ഭരണഘടനയെയും അപമാനിക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷനിൽ വിശ്വാസമില്ല, ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വിശ്വാസമില്ല, ഇപ്പോൾ കോടതിയിലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ജനങ്ങൾക്ക് കോൺഗ്രസിലാണ് വിശ്വാസമില്ലാത്തതെന്ന് ഇനിയെങ്കിലും കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കണം. പിന്നാക്ക സമുദായത്തെ അവഹേളിച്ചതിനാലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്. പിന്നാക്കക്കാർക്കെതിരെ എന്തുമാവാം എന്ന വിചാരം രാഹുൽ ഗാന്ധിക്ക് വേണ്ട’’– സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran says Congress - CPM alliance in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com