ബെംഗളൂരു ∙ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ രാഷ്ട്രീയ റാലികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. കോണ്‍ഗ്രസിന്റെ സ്വപ്നം മോദിയുടെ ഖബര്‍ കുഴിക്കുക എന്നാണെങ്കില്‍ ജനങ്ങളുടെ സ്വപ്നം മോദിയുടെ താമര വിരിയുന്നത് കാണുക എന്നാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബിജെപിയുടെ വിജയ് സങ്കല്‍പ രഥയാത്രയുടെ സമാപന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
കർണാടകയെ കോൺഗ്രസ് ഒരു എടിഎമ്മായാണ് കാണുന്നതെന്നും എന്നാൽ ബിജെപി ജനങ്ങളുടെ ഉന്നമനത്തിനായാണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു. ബിജപി സർക്കാർ തിരികെ വരുന്നതിനായി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ജനങ്ങൾ ഉറപ്പാക്കണം. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ട് കര്‍ണാടകയ്ക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. അവസരവാദികളും സ്വാർഥ താൽപര്യമുള്ളവരുമാണ് കാലങ്ങളായി കർണാടക ഭരിച്ചത്. അത് കർണാടകയെ വളരെ മോശമായി ബാധിച്ചു. ബിജെപിയുടെ സുസ്ഥിര ഭരണമാണ് കർണാടകയ്ക്ക് ആവശ്യമെന്നും മോദി കൂട്ടിച്ചേർത്തു.
രണ്ടു കിലോമീറ്ററിലേറെ നീളുന്ന റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു റാലി. നേരത്തെ, ചിക്കബല്ലാപുരയില്‍ രാജ്യത്തെ ആദ്യ ഗ്രാമീണ മെഡിക്കല്‍ കോളജും ബെംഗളൂരു മെട്രോയുടെ വൈറ്റ് ഫീല്‍ഡ് കെ.ആര്‍.പുരം പാതയും മോദി ഉദ്ഘാടനം ചെയ്തു. 4,250 കോടി രൂപ ചെലവിട്ടാണ് 13.71 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തീകരിച്ചത്.
English Summary: PM Modi addresses mega BJP rally during Karnataka visit