ADVERTISEMENT

ന്യൂഡൽഹി ∙ അപകീർത്തിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ലോക്സഭാംഗത്വം നഷ്ടപ്പെട്ട രാഹുൽ ഗാന്ധിക്ക് അല്ല സിപിഎമ്മിന്റെ പിന്തുണയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടിക്കെതിരെയാണ് സിപിഎം നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ വിശദീകരിച്ചു. കേരളത്തിൽ കോൺഗ്രസിനെ അതിശക്തമായി എതിർത്തുതന്നെ മുന്നോട്ടു പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

‘‘അത് രാഹുൽ ഗാന്ധിക്കു പിന്തുണ പ്രഖ്യാപിച്ചതല്ല. രാഹുൽ ഗാന്ധിയോട് ബിജെപി എടുത്തുകൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടിനെ ശക്തമായി എതിർക്കുക എന്നതാണ് നയം. അല്ലാതെ വ്യക്തിപരമായി ആർക്കെങ്കിലും പിന്തുണ നൽകുന്നതോ ഏതെങ്കിലും പാർട്ടിയെ പിന്തുണയ്ക്കുന്നതോ അല്ലിത്. ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവാദത്തിലും ഞങ്ങൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. ഡൽഹി ഉപമുഖ്യമന്ത്രിയെ ജയിലിലടച്ചതും കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടു തന്നെയാണ്’ – ഗോവിന്ദൻ വിശദീകരിച്ചു.

പാർലമെന്റിൽ നിന്നു പുറത്താക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് സിപിഎം ആവേശത്തോടെ പ്രഖ്യാപിക്കുന്ന ഐക്യദാർഢ്യം കേരളത്തിലെ കോൺഗ്രസ് കാണുന്നതു സംശയദൃഷ്ടിയോടെയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ്, പിന്തുണ രാഹുൽ ഗാന്ധിക്കല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇക്കാര്യത്തിൽ രംഗത്തുണ്ടായിരുന്നു.

പാർട്ടിയുടെ കേന്ദ്ര–സംസ്ഥാന നേതാക്കൾ തിരക്കിട്ടു നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രസ്താവനകൾ. രാഹുൽ അയോഗ്യനായതോടെ സ്വിച്ചിട്ടതു പോലെയാണ് സിപിഎം നേതാക്കൾ പിന്തുണച്ചത്. ഇതോടെ കോൺഗ്രസിനെ ഇടതുപക്ഷം വെട്ടിലാക്കി.

സൂറത്ത് കോടതി വിധി മേൽക്കോടതി തള്ളുന്ന പക്ഷം രാഹുലിന്റെ അയോഗ്യത ഇല്ലാതായാലും, അയോഗ്യതാ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കേരളത്തിലെ അതേ ഇടതുപക്ഷത്തിനെതിരെ 2024 ൽ വീണ്ടും മത്സരിക്കാൻ രാഹുൽ തയാറാകുമോ എന്ന ചോദ്യവും സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പിന്തുണ അങ്ങനെയൊരു ധാർമിക പ്രതിസന്ധി കോൺഗ്രസിനും രാഹുലിനും മുന്നിൽ സൃഷ്ടിക്കാമെന്നാണ് വിലയിരുത്തൽ.

2019 ൽ വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവാണ് എൽഡിഎഫിന്റെ കൂട്ടത്തോൽവിയുടെ ഒരു കാരണം എന്നതിനാൽ ഇനി ഒരിക്കൽകൂടി അദ്ദേഹം കേരളത്തിൽ മത്സരിക്കരുതെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്. ആ ലക്ഷ്യം സാധ്യമാക്കാനുള്ള ഉപായമായി കൂടി ഈ രാഷ്ടീയ സന്ദർഭത്തെ സിപിഎം ഉപയോഗിക്കുകയാണെന്ന ചിന്ത കോൺഗ്രസിൽ പ്രബലമാണ്.

English Summary: Not Supporting Rahul Gandhi, But Opposing Modi Government's Action Against Him, Says MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com