ADVERTISEMENT

മുംബൈ ∙ മാധ്യമപ്രവര്‍ത്തകനെ അവഹേളിച്ചു എന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മുംബൈ പ്രസ് ക്ലബ്. പാർട്ടി ഓഫിസിൽ ശനിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ രാഹുൽ  അപമാനിച്ചുവെന്നാണ് ആരോപണം. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ആദ്യമായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സംഭവം.

കോടതി ശിക്ഷിച്ച സാഹചര്യത്തിൽ എംപി സ്ഥാനം നഷ്ടമാകുമോ എന്നതുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കവേ രാഹുല്‍ ക്ഷുഭിതനായി എന്നാണ് ആരോപണം. ബിജെപിക്കു വേണ്ടി ഇത്ര നേരിട്ട് ജോലി ചെയ്യുന്നത് എന്തിനാണെന്നായിരുന്നു മാധ്യമപ്രവർത്തകനോട് രാഹുൽ ഗാന്ധിയുടെ ചോദ്യം. ബിജെപിക്കു വേണ്ടി ജോലി ചെയ്യാനാണെങ്കിൽ എന്തിനാണ് മാധ്യമപ്രവര്‍ത്തകനായി തുടരുന്നതെന്നും, ബിജെപിയുടെ ബാഡ്ജ് ധരിക്കണമെന്നും രാഹുല്‍ ‘ഉപദേശിച്ചിരുന്നു’.

ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ വിമർശനവുമായി പ്രസ് ക്ലബ് പ്രസ്താവനയിറക്കിയത്. ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ജോലി വാർത്താസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയില്‍ ചോദ്യം ചോദിക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തസ്സിനെതിരെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ പ്രവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ് ക്ലബ് പ്രസ്താവനയിൽ പറയുന്നു.

റിപ്പോർട്ട് ചെയ്യാനും വിമർശനാത്മകമായ അഭിപ്രായങ്ങൾ നൽകാനുമുള്ള മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ എല്ലാ രാഷ്ട്രീയ പ്രവർത്തകരോടും ഒരിക്കൽക്കൂടി അഭ്യർഥിക്കുന്നതായും പ്രസ് ക്ലബ് ആവശ്യപ്പെട്ടു. നമ്മുടെ ജനാധിപത്യത്തിന്റെ ആണിക്കല്ല് സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശമാണെന്ന് ഓര്‍ക്കണമെന്നും കുറിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി തിരുത്തൽ വരുത്തുകയും ബന്ധപ്പെട്ട മാധ്യമപ്രവർത്തകനോട് മാപ്പ് പറയുകയും ചെയ്യണമെന്നാണ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്.

English Summary: Mumbai Press Club asks Rahul Gandhi to apologise for ‘humiliating’ journalist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com