ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകുമെന്ന് പ്രിയങ്ക മുന്നറിയിപ്പു നൽകി. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി.

പ്രസംഗത്തിൽ പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര അനുസ്മരിച്ച പ്രിയങ്ക ഗാന്ധി, രക്തസാക്ഷിയുടെ മകനെയാണ് അവർ രാജ്യദ്രോഹി എന്നു വിളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. രക്തസാക്ഷിയായ പിതാവിനെ പാർലമെന്റിൽ പലതവണ അപമാനിച്ചു. അവരെയാരെയും മാനനഷ്ടക്കേസിൽ ശിക്ഷിച്ചുകണ്ടില്ല. തനിക്കെതിരെയും കേസെടുക്കാൻ പ്രിയങ്ക വെല്ലുവിളിച്ചു. ആരാണ് അദാനിയെന്നും അദാനിയുടെ പേര് പറയുമ്പോൾ എന്തിനാണ് ഇത്ര വെപ്രാളമെന്നും പ്രിയങ്ക ചോദിച്ചു. അദാനിയുടെ ഷെൽ കമ്പനികളിൽ 20,000 കോടി രൂപ നിക്ഷേപിച്ചത് ആരാണ്?. കൊള്ളയടിച്ചത് രാഹുൽ ഗാന്ധിയുടെ സ്വത്തല്ല, രാജ്യത്തിന്റെ സമ്പത്താണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹം പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്നു. ചിത്രം: രാഹുൽ പട്ടം ∙ മനോരമ
രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹം പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്നു. ചിത്രം: രാഹുൽ പട്ടം ∙ മനോരമ

ജനങ്ങൾക്കുവേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. രാഹുൽ ഗാന്ധിക്കുവേണ്ടി പാർട്ടി ഒറ്റക്കെട്ടായി പോരാടുന്നു. കർണാടകയിൽ നടത്തിയ പ്രസംഗത്തിന് സൂറത്തിലാണ് കേസെടുത്തത്. ധൈര്യമുണ്ടെങ്കിൽ കർണാടകയിൽ കേസെടുക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹം പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്നു. ചിത്രം: രാഹുൽ പട്ടം ∙ മനോരമ
രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹം പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്നു. ചിത്രം: രാഹുൽ പട്ടം ∙ മനോരമ

2019ല്‍ കർണാടകയിലെ കോലാറിൽ നടത്തിയ മോദി പരമാർശത്തിലെ അപകീർത്തി കേസിൽ സൂറത്തിലെ ചീഫ് മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ ലോക്സഭാ സെക്രട്ടേറിയറ്റ് ലോക്സഭയിൽനിന്ന് അയോഗ്യനാക്കി. അദാനിയെക്കിറിച്ച് മിണ്ടാതിരിക്കാനാണ് തന്നെ അയോഗ്യനാക്കിയതെന്ന് രാഹുൽ ഗാന്ധി ഇന്നലെ പ്രതികരിച്ചിരുന്നു.

English Summary: Rahul Gandhi Disqualification: Priyanka Gandhi Addresses Congress Sankalp Satyagraha 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com