കോട്ടയം∙ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചുള്ള ഫെയ്സ്ബുക് പോസ്റ്റില്‍ കലാപാഹ്വാനത്തിനു കേെസടുത്തതിനു പിന്നാലെ പ്രതിഷേധക്കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി. ഫെയ്സ്ബുക്കിലാണ് മോദിക്കും സംഘപരിവാറിനും ഒപ്പം പിണറായി സര്‍ക്കാരിനുമെതിരെ റിജില്‍ രംഗത്തെത്തിയത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് സംഘപരിവാറും ആര്‍എസ്എസും കരുതേണ്ട. ആയിരം മടങ്ങ് ശക്തിയിൽ സംഘികൾക്ക് എതിരെ പ്രതികരിച്ചുകൊണ്ടേയിരിക്കുമെന്ന് റിജില്‍ പോസ്റ്റില്‍ പറയുന്നു. കേരള ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് വത്സൻ തില്ലങ്കേരിയാണോ എന്നും റിജില്‍ ചോദിക്കുന്നു.
∙ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് സംഘപരിവാറും RSS ഉം കരുതേണ്ട. എന്നെ കേസ്സും ജയിലും കാണിച്ച് നാവടപ്പിക്കാമെന്ന് വിചാരിക്കുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ആയിരം മടങ്ങ് ശക്തിയിൽ സംഘികൾക്ക് എതിരെ പ്രതികരിച്ചു കൊണ്ടേയിരിക്കും. ഗാന്ധിജിയെ വധിച്ചത് RSS ആണെന്ന് പറഞ്ഞതിന്റെ പേരിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടിസ് സംഘികൾ അയച്ചിരുന്നു. അന്നും പറഞ്ഞത് ഒരു മാപ്പും പറയില്ല കോപ്പും പറയില്ല എന്നാണ്. ഇവിടെയും അത് തന്നെ ആവർത്തിക്കുന്നു.
രാഹുൽ ഗാന്ധിക്ക് എതിരെ മോദിയും സംഘപരിവാറും നടത്തുന്ന പ്രതികാര രാഷ്ട്രീയത്തിന് എതിരെയാണ് അത്തരം ഒരു പ്രതികരണം ഞാൻ നടത്തിയത്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നത് ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമര കാലത്ത് വിളിച്ച മുദ്രാവാക്യമാണ്. ആ സമയത്ത് സംഘികളും ആർഎസ്എസുകാരും ബ്രിട്ടിഷുകാരുടെ ഷൂ നക്കുന്ന തിരക്കിലായിരുന്നു. മാത്രമല്ല RSS ക്വിറ്റ് ഇന്ത്യ സമരത്തെ ബ്രിട്ടിഷുകാർക്ക് ഒറ്റുകൊടുക്കുകയുമായിരുന്നു. ഗാന്ധിജി വിളിച്ചമുദ്രാവാക്യമാണ് സംഘികൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് പറഞ്ഞ് പരാതി കൊടുത്തത്. കേട്ടപാതി കേൾക്കാതെ പാതി പിണറായി പൊലീസ് 153 വകുപ്പ് പ്രകാരം എനിക്കെതിരെ കേസ് എടുക്കുകയും ചെയ്തു. അപ്പോൾ കേരള ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് വത്സൻ തില്ലങ്കേരിയാണോ?
English Summary: Rijil Makkutty's Facebook post regarding Rahul Gandhi, LDF Government, Kerala Police