ADVERTISEMENT

കൊച്ചി ∙ തൃപ്പൂണിത്തുറ ഹില്‍ പാലസ് സ്റ്റേഷനില്‍ നടന്നത് ക്രൂരമായ കസ്റ്റഡി മരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവത്തിൽ സിഐ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. സിപിഎമ്മിന്റെ സംരക്ഷണ വലയത്തിലാണ് തൃപ്പൂണിത്തുറ സിഐ എന്നും സതീശന്‍ ആരോപിച്ചു. സിഐയ്ക്കെതിരെ താന്‍ നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും, പോക്കറ്റില്‍ കയ്യിട്ടു നിന്നതിന് വിദ്യാര്‍ഥിയുടെ നട്ടെല്ല് തല്ലിയൊടിച്ചയാളാണ് എസ്ഐയെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ കസേരയില്‍ ഞെളിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ പരിഹസിച്ചു.

‘പൊലീസ് കൈ കാണിച്ചപ്പോൾ കുറച്ചു മാറ്റിയാണ് വാഹനം നിർത്തിയെന്നു കരുതി വഴിയിലിട്ട് തല്ലിക്കൊല്ലാൻ എന്ത് അധികാരമാണ് പൊലീസിനുള്ളത്. അതൊന്നും കേരളത്തിൽ നടക്കില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലെ പൊലീസ് ഇത്രമാത്രം കുഴപ്പങ്ങളുണ്ടാക്കിയ ഒരു കാലം കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ല. എന്നിട്ട് ഇരിക്കുകയാണ് ഞെളിഞ്ഞ്, ആഭ്യന്തര മന്ത്രിയുടെ കസേരയിൽ. ഇതല്ല ഇതിനപ്പുറവും നടക്കും. പാർട്ടിക്കാരാണ് ഭരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് ഒരു റോളുമില്ല. ഒരു കമ്മിഷണർ വിചാരിച്ചാൽ സിഐയെ മാറ്റാൻ പറ്റില്ല. ഐജി വിചാരിച്ചാൽ പോലും പറ്റില്ല. കാരണം സിഐയെ വച്ചിരിക്കുന്നത് പാർട്ടി ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയുമൊക്കെയാണ്. അവരോട് ചോദിക്കണം. അതാണ് പൊലീസ് ഇത്രയും വഷളാകാൻ കാരണം’– സതീശൻ പറഞ്ഞു.

അതേസമയം പൊലീസുകാരന് ആദ്യം വേണ്ടത് മനുഷ്യത്വമാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു. ഒരു പാവം മനുഷ്യനെ റോഡില്‍വച്ച് മുഖത്തടിക്കാന്‍ പൊലീസിന് ആര് അധികാരം നല്‍കിയെന്നും മരണകാരണം കൃത്യമായി കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് അനൂപ് ജേക്കബ് എംഎല്‍എയും പറഞ്ഞു.

English Summary: VD satheesan against Thripunithura hill palace CI in Manoharan death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com