തിരുവനന്തപുരം∙ കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് തിരുവനന്തപുരം സ്പെഷൽ സെൽ ഓഫിസിലെ ഡിവൈഎസ്പി പി.വേലായുധൻ നായരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിനെ തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറിയാണ് സസ്പെൻഡ് ചെയ്തത്. വീട്ടിലെ വിജിലൻസ് പരിശോധനയ്ക്കിടെ മുങ്ങിയ വേലായുധനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അനധികൃത സ്വത്തു സമ്പാദനക്കേസിലെ പ്രതിയായ ഉദ്യോഗസ്ഥനുമായി പണമിടപാടു നടത്തിയതായി തെളിവു ലഭിച്ചതിനെത്തുടർന്ന് വേലായുധൻ നായർക്കെതിരെ തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. കേസിലെ പ്രതിയായ റവന്യു വകുപ്പ് ഉദ്യോഗസ്ഥനെ കഴിഞ്ഞിടയ്ക്ക് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി ജയിലിൽ അടച്ചിരുന്നു. ഈ പ്രതിയുമായി വേലായുധൻ നായർ സാമ്പത്തിക ഇടപാടു നടത്തിയതായി തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്.
പിടിയിലായ റവന്യു ഉദ്യോഗസ്ഥനെതിരെ സ്പെഷൽ സെല്ലിൽ മുൻപുണ്ടായിരുന്ന അവിഹിത സ്വത്തുസമ്പാദനക്കേസ് അന്വേഷിച്ചത് വേലായുധൻ നായരാണ്. അതു മനസ്സിലാക്കിയാണ് ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടു വിശദമായി അന്വേഷിച്ചത്. പ്രതിയും വിജിലൻസ് ഉദ്യോഗസ്ഥനും തമ്മിൽ പണമിടപാടു നടന്നതായി കണ്ടെത്തിയതിനെത്തുടർന്നു കേസ് എടുക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദേശിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് പരിശോധന നടത്താൻ വീട്ടിലെത്തിയതിനിടെയാണ് വേലായുധൻ നായർ കടന്നു കളഞ്ഞത്. മാർച്ച് 23ന് കാണാതായ ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
English Summary: Vigilance DySP suspended for allegedly accepting bribe from official arrested by him in bribery charges