ADVERTISEMENT

ന്യൂഡൽഹി∙ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല ഗാന്ധിയാണ് എന്നു പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. സ്വപ്നത്തില്‍ പോലും രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കര്‍ ആകാന്‍ സാധിക്കില്ലെന്നാണ് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തത്. വീർ സവർക്കറുടെ പേര് നിശ്ചയദാർഢ്യം, ഭാരതത്തോടുള്ള ഉറച്ച ദേശസ്നേഹം, നിസ്വാർഥത, മാതൃരാജ്യത്തോടുള്ള പ്രതിബദ്ധത എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

സവർക്കർ ഒരു വർഷത്തിൽ ആറ് മാസം വിദേശത്ത് അവധിക്കായി ചെലവഴിച്ചിട്ടില്ല. വിദേശ ശക്തികളുടെ ഇടപെടൽ തേടുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സവർക്കർ ബ്രിട്ടനിലേക്കു പോയപ്പോൾ, ഭാരതമാതാവിനെ അടിമത്തത്തിൽനിന്നു മോചിപ്പിക്കാൻ ബ്രിട്ടിഷുകാർക്കെതിരെ അദ്ദേഹം യുദ്ധം ചെയ്തു. സവര്‍ക്കര്‍ ഈ രാജ്യത്തെ ജനങ്ങളുടെ ആദരവു വെറുതെ നേടിയതല്ല. അക്കാലത്തെ അറിയപ്പെടുന്ന നേതാക്കളും ചിന്തകരും സവര്‍ക്കറുടെ രാജ്യസ്നേഹത്തിലും ധീരതയിലും അദ്ഭുതംകൊണ്ടിരുന്നുവെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

സവർക്കറുടെ ജന്മശതാബ്ദിയിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എഴുതിയ കത്തും ഠാക്കൂർ ട്വീറ്റിൽ പങ്കുവച്ചു. ‘‘ബ്രിട്ടിഷ് സർക്കാരിനെതിരെ സവർക്കർ നടത്തിയ പ്രതിരോധത്തിന് നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അതിന്റേതായ പ്രാധാന്യമുണ്ട്’’ – എന്ന് ഇന്ദിരാ ഗാന്ധി 1980 മേയ് 20ന് എഴുതിയ കത്തിൽ പറയുന്നുവെന്നാണ് ട്വീറ്റ്. ഇന്ദിരയുടെ കാലഘട്ടത്തിൽ സവർക്കറെക്കുറിച്ചൊരു ഡോക്യുമെന്ററിയും കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

ഭഗത് സിങ്ങിന്റെ ജയിൽ നോട്ട്ബുക്ക് എന്നതിൽനിന്നുള്ള ചില ഭാഗങ്ങളും മന്ത്രി പങ്കുവച്ചു. സവർക്കർ എഴുതിയ ചില പുസ്തകങ്ങളിൽനിന്നുള്ള ഭാഗങ്ങള്‍ ഭഗത് സിങ് തന്റെ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഇവയാണ് മന്ത്രി ട്വീറ്റ് ചെയ്തവയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശി ആദരിച്ച വലിയൊരു വ്യക്തിത്വത്തെയാണ് രാഹുൽ അപമാനിച്ചിരിക്കുന്നതെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.

English Summary: Rahul Gandhi "Can Never Be Savarkar": Anurag Thakur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com