‘ഒരാളെ രക്ഷിക്കാൻ 140 കോടി ജനങ്ങളുടെ താൽപര്യം മോദി ചവിട്ടിമെതിച്ചു; കറുപ്പ് സമരം തുടരും’

Opposition's Parties Meeting Photo: @kharge / Twitter
മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം. Photo: @kharge / Twitter
SHARE

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ ഭാവി സമരപരിപാടികൾ ആലോചിക്കാൻ‌ ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികൾ യോഗം ചേർന്നു. കേന്ദ്ര സർക്കാരിനെതിരെ കറുപ്പ് വസ്ത്രം ധരിച്ചുള്ള സമരം തുടരാൻ യോഗം തീരുമാനിച്ചു. രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ തിങ്കളാഴ്ച പാർലമെന്റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും അണിഞ്ഞാണ് എത്തിയത്.

രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലായിരുന്നു യോഗം. 16 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും സന്നിഹിതരായിരുന്നു. ഔദ്യോഗിക വസതി ഒഴിയാനുള്ള നിർദേശത്തിൽ രാഹുലിന് ആശങ്കയില്ലെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

‘‘കേന്ദ്ര സർക്കാർ എന്തു ചെയ്താലും രാജ്യത്തിന്റെ ജനാധിപത്യമാണു വലിയ വിഷയം. അതാണ് രാഹുൽ പറഞ്ഞതും. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു. ഞങ്ങൾ വിഷയങ്ങളെല്ലാം ചർച്ച ചെയ്തു. ഇപ്പോഴുള്ള അതേ ഊർജത്തിൽ മുന്നോട്ടു പോകാനാണു തീരുമാനം’’– കെ.സി.വേണുഗോപാൽ വ്യക്തമാക്കി.

‘‘ഒരാളെ രക്ഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 140 കോടി ജനങ്ങളുടെ താൽപര്യങ്ങളെ ചവിട്ടിമെതിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഉറ്റ മിത്രത്തെ സംരക്ഷിക്കാനായി, ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട പാർലമെന്റിനെ തടസ്സപ്പെടുത്തുന്നു. തെറ്റായൊന്നും ചെയ്തിട്ടില്ലെങ്കിൽ, സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തിനു മുന്നിൽ സർക്കാർ ഓടിയൊളിക്കുന്നത് എന്തിനാണ്?’’– യോഗത്തിനു ശേഷം ഖർഗെ ട്വിറ്ററിൽ കുറിച്ചു.

പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന യോഗത്തിൽ അപ്രതീക്ഷിതമായി തൃണമൂൽ േകാണ്‍ഗ്രസും പങ്കെടുത്തിരുന്നു. വൈകിട്ടു നടന്ന യോഗത്തിലും തൃണമൂൽ, ബിആർഎസ് തുടങ്ങിയ പാർട്ടികൾ പങ്കെടുത്തു. ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം വിട്ടുനിന്നു. വി.ഡി.സവർക്കർക്ക് എതിരായ രാഹുലിന്റെ പരാമർശത്തെ നേരത്തേ ശിവസേനാ മേധാവി ഉദ്ധവ് താക്കറെ വിമർശിച്ചിരുന്നു.

English Summary: Top opposition leaders huddle at Mallikarjun Kharge’s residence, Sonia Gandhi and Rahul Gandhi attend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS