ADVERTISEMENT

മലേഗാവ് ∙ ‘മോദി’ പരാമർശത്തിൽ മാപ്പു പറയാൻ താൻ സവർക്കറല്ലെന്ന് തുറന്നടിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക്, സവർക്കർ പരാമർശത്തിൽ മുന്നറിയിപ്പുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചാൽ സഹിക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴാനും ഇത്തരം പരിഹാസങ്ങൾ കാരണമാകാമെന്ന് ഉദ്ധവ് മുന്നറിയിപ്പു നൽകി. സവർക്കർ തന്റെ ആരാധനാ പാത്രമാണെന്ന് തുറന്നുപറഞ്ഞ ഉദ്ധവ്, അദ്ദേഹത്തെ പരിഹസിക്കുന്നതിൽനിന്ന് രാഹുൽ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.

ആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷത്തോളം ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയനായ വ്യക്തിയാണ് സവർക്കർ. നമുക്കൊക്കെ അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ച് വായിക്കാനേ കഴിയൂ. അതൊരു തരം ത്യാഗം തന്നെയാണ്. സവർക്കറെ അപമാനിക്കുന്ന യാതൊരു പരാമർശവും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല’ – ഉദ്ധവ് താക്കറെ വ്യക്തമാക്കി.

സവർക്കറെ അപമാനിക്കുന്നത് രാഹുൽ തുടർന്നാൽ, അത് പ്രതിപക്ഷ ഐക്യത്തെത്തന്നെ ബാധിക്കുമെന്നും ഉദ്ധവ് മുന്നറിയിപ്പു നൽകി.

‘വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹത്തിനെതിരായ യാതൊരു വിധത്തിലുള്ള അനാദരവും പ്രോത്സാഹിപ്പിക്കില്ല. പോരാട്ടത്തിൽ ഞങ്ങൾ തീർച്ചയായും മുൻനിരയിൽത്തന്നെയുണ്ട്. പക്ഷേ ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് സഹിക്കില്ല’ – ഉദ്ധവ് പറഞ്ഞു.

‘ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് ശിവസേനയിലെ ഉദ്ധവ് വിഭാഗവും കോൺഗ്രസും എൻസിപിയും ചേർന്ന് പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ ഒരേ മനസ്സോടെ മുന്നോട്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. രാഹുൽ ഗാന്ധിയെ ബോധപൂർവം പ്രകോപിപ്പിക്കുന്നതാണെന്നത് അംഗീകരിക്കുന്നു. എങ്കിലും അദ്ദേഹം സവർക്കറെ പരിഹസിക്കുന്നത് ജനാധിപത്യത്തിന് തിരിച്ചടിയാകുകയേ ഉള്ളൂ’ – ഉദ്ധവ് പറഞ്ഞു.

അതേസമയം, മോദിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതിനെതിരെ കടുത്ത വിമർശനമാണ് ഉദ്ധവ് ഉയർത്തിയത്. നരേന്ദ്ര മോദിയെന്നാൽ ഇന്ത്യയാണെന്ന് അർഥമില്ലെന്ന് താക്കറെ പറഞ്ഞു. ‘മോദി എന്നാൽ ഇന്ത്യയല്ല. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ അവരുടെ ജീവൻ ത്യജിച്ചത് ഇതിനു വേണ്ടിയാണോ? മോദിയെ ചോദ്യം ചെയ്യുന്നത് ഒരു വിധത്തിലും ഇന്ത്യയെ അപമാനിക്കുന്ന നടപടിയല്ല’ – താക്കറെ ചൂണ്ടിക്കാട്ടി.

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്, മാപ്പു ചോദിക്കാൻ താൻ സവർക്കറല്ലെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ‘എന്റെ പേർ സവർക്കകർ എന്നല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഗാന്ധി ഒരിക്കലും ആരോടും മാപ്പു പറഞ്ഞിട്ടില്ല’ – ഇതായിരുന്നു രാഹുലിന്റെ പരാമർശം.

English Summary: Uddhav Thackeray's Warning To Rahul Gandhi Over "Not Savarkar" Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com