ചിരിയുടെ തമ്പുരാന് കണ്ണീരോടെ വിടചൊല്ലി ജനസഹസ്രം; ഹൃദയവേദനയിൽ പ്രിയപ്പെട്ടവർ

suresh-gopi-innocent-tribute
ഇന്നസന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വസതിയിൽ എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന നടൻ സുരേഷ് ഗോപി. ചിത്രം. അജയ് ഇളയത്
SHARE

കൊച്ചി ∙ അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. അവസാനമായി ഇന്നസന്റ് എത്തിച്ചേർന്നപ്പോൾ വികാരനിർഭര  രംഗങ്ങൾക്കാണ് ഇരിങ്ങാലക്കുട സാക്ഷിയായത്. പലരും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞപ്പോൾ മറ്റുചിലർ വിതുമ്പലടക്കി നിന്നു. എന്നും മാർഗദർശിയായ ഇന്നച്ചന്റെ വേർപാടിന്റെ വേദനയിലായിരുന്നു സിനിമാ മേഖലയിലുള്ളവർ. മറുപാതിയുടെ വേർപാടിൽ ആലീസ് ഹൃദയം നൊന്ത് കരഞ്ഞപ്പോൾ, ഇന്നച്ചനെ കാണാനെത്തിയവരുടെയെല്ലാം കണ്ണുനിറഞ്ഞു.

ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചു. നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ വീട്ടിലെത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷമാണ് വിലാപയാത്രയായി ഇരിങ്ങാലക്കുടയിലെത്തിച്ചത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാവിലെ 10നാണ് സംസ്കാരം.

mohanlal-tribute-to-innocent
ഇന്നസന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വസതിയിൽ എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന നടൻ മോഹൻലാൽ. ചിത്രം. അജയ് ഇളയത്

ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദരാഞ്ജലിയർപ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകൻ, മുകേഷ്, കുഞ്ചൻ, ദുൽഖർ സൽമാൻ, ബാബുരാജ്, സംവിധായകൻ ലാൽ ജോസ്, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ, പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ ആദരാഞ്ജലി നേർന്നു. ഇന്നസന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ആസ്വാദക ഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Innocent | File Photo: Josekutty Panackal / Manorama
ഇന്നസന്റ് (File Photo: Josekutty Panackal / Manorama)

ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം. 

English Summary: Veteran Actor and Former MP Innocent's Funeral - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS