ADVERTISEMENT

തിരുവനന്തപുരം∙ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുക എന്ന ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മുരളീധരൻ വിമർശനവുമായി എത്തിയത്. കണ്ണടച്ച് ഇരുട്ടാക്കുന്നതെങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് വി.ശിവൻകുട്ടിയുടെ വാക്കുകളെന്നാണ് മുരളീധരൻ ഫെയ്സ്ബുക് കുറിപ്പിൽ കുറിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം മികച്ചതാണെങ്കിൽ കേന്ദ്ര സർവകലാശാലകളിൽ പൊതുപ്രവേശന പരീക്ഷകളിലൂടെ പ്രവേശനം നേടുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം കുറയുന്നതെന്തെന്ന് മുരളീധരൻ ചോദിച്ചു. 

മുരളീധരന്റെ കുറിപ്പിന്റെ പൂർണരൂപം:

'കണ്ണടച്ച് ഇരുട്ടാക്കുന്നതെ'ങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് വി.ശിവൻകുട്ടിയുടെ വാക്കുകൾ. മാറി മാറി ഭരിച്ചവർ കേരളത്തിന്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചത് എങ്ങനെയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ ‘മുരളീധരൻ വിമർശിക്കുന്നേ’ എന്ന് വിലപിച്ചിട്ട് കാര്യമില്ല !

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മികച്ചതെങ്കിൽ....

1. കേന്ദ്ര സർവകലാശാലകളിൽ പൊതുപ്രവേശന പരീക്ഷകളിലൂടെ പ്രവേശനം നേടുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം നാമമാത്രമാവുന്നതെന്ത്?

2. കേരള സിലബസിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉയർന്ന മാർക്ക് നേടുന്നവർ പോലും ദേശീയ പ്രവേശന പരീക്ഷയിൽ പിന്നോക്കം പോവുന്നതെന്ത്?

3. ഐഐടികൾ, ഐഐഎമ്മുകൾ, ഐസറുകൾ തുടങ്ങിയവയിൽ മലയാളികളുടെ സാന്നിധ്യം തീരെ കുറയുന്നതെന്ത്?

4. സർക്കാരിന്റെ പ്രചാരവേലയ്ക്കായി അക്ഷരമെഴുതാനറിയാത്തവർക്കും നൂറിൽ നൂറും കൊടുത്ത് ഒരു തലമുറയുടെ ആകെ ഭാവി അവതാളത്തിലാക്കുകയല്ലേ?

5. സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങളെങ്കിൽ, എന്തുകൊണ്ട് കേരളത്തിൽനിന്ന് പ്രതിവർഷം പതിനായിരക്കണക്കിന് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി നാടുവിടുന്നു? (2019ൽ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 30,948 മലയാളി വിദ്യാർഥികൾ പഠനത്തിന് വിദേശത്തു പോയി).

6. നാലു വർഷമായി 66 സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരില്ലാത്തത് എന്ത്? ഇടതുസംഘടന നേതാക്കൾക്കു യോഗ്യത ഇല്ലാത്തതിനാലല്ലേ?

7. കേരളത്തിലെ എത്ര സർവകലാശാലകളിൽ വൈസ് ചാൻസലർമാരുണ്ട്? അവിടെയും ''സഖാക്കളെ " നിയമിക്കാനല്ലേ കാത്തിരിക്കുന്നത്?

സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണ്. വസ്തുതകൾ പറയുമ്പോൾ കൂവിയിട്ട് കാര്യമില്ല. കോവിഡ് പടർന്ന ചൈനയിൽനിന്നും, യുദ്ധം കൊടുമ്പിരിക്കൊണ്ട യുക്രെയ്നിൽനിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചവരിൽ നല്ല ശതമാനവും മലയാളി കുട്ടികളായിരുന്നു. നരേന്ദ്ര മോദി സർക്കാർ നടത്തിയ ശ്രമകരമായ ആ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയവരിൽ ഒരാളെന്ന നിലയിൽക്കൂടിയാണ് ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിന്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂ!

വാൽക്കഷണം : " മുരളീധരൻ വിമർശിക്കുന്നു, മുരളീധരൻ നെഗറ്റീവാണ് "എന്ന് പറയുന്നവരോട്.... കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള എന്റെ ഉത്തരവാദിത്തം. അത് ഇനിയും മുടക്കമില്ലാതെ തുടരും.

English Summary: V Muraleedharan criticizes education system of Kerala and Minister V Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com