ADVERTISEMENT

തൃശൂർ ∙ കേരളം പുരോഗമിച്ചത് നമ്മളെല്ലാവരും ചേർന്നുണ്ടാക്കിയ നവോത്ഥാനത്തിലൂടെ ആണെന്നും അതു മറച്ചുവച്ച് ചിലയാളുകൾ തങ്ങളാണ് നവോത്ഥാനം മുഴുവൻ ഉണ്ടാക്കിയതെന്ന നിലയിൽ അട്ടിപ്പേറുമായി രംഗത്തുവരികയാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി. ആധ്യാത്മിക ആചാര്യന്മാരുടെയും നായകന്മാരുടെയും നേതൃത്വത്തിൽ സാമൂഹിക പരിവർത്തന പ്രസ്ഥാനങ്ങളെല്ലാം ചേർന്നു നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ പരിണിത ഫലമാണ് ഇവിടെയുണ്ടായ നവോത്ഥാനവും പരിവർത്തനവുമെല്ലാം. 1939ൽ പിണറായിയിൽ രൂപീകരിച്ച കമ്യൂണിസ്റ്റ് പാർട്ടിയാണ് നവോത്ഥാനം മുഴുവൻ ഉണ്ടാക്കിയതെന്നാണ് ചിലരുടെ അവകാശവാദമെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു. തൃശൂരിൽ ഏപ്രിൽ 7, 8, 9 തീയതികളിൽ നടക്കുന്ന ഹിന്ദു ഐക്യവേദി സമ്മേളനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യത്തിനു മുൻപ് തിരുവിതാംകൂർ രാജകുടുംബം നടത്തിയ ഒരുപാട് വികസന പ്രവർത്തനങ്ങളുണ്ട്. ഇന്നു തലസ്ഥാന നഗരിയിൽ കാണുന്ന എല്ലാ ആതുര–വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാതന്ത്ര്യത്തിനു മുൻപേ ഉള്ളതാണ്. അതിന്റെ തുടർച്ചയായ വികസനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. അന്ന് തിരുവിതാംകൂർ എന്നത് ആതുരശുശ്രൂഷയിലും വിദ്യാഭ്യാസ കാര്യത്തിലും ഭാരതത്തിനാകെ മാതൃകയായിരുന്നു. അങ്ങനെയൊരു മാതൃകയാണോ ഇന്നുള്ളതെന്നു കൂടി ചിന്തിക്കണം. പുരോഗതി ഉണ്ടായെന്ന് അവകാശപ്പെടുമ്പോൾ അത് ആശാവഹമാണോ, ആസൂത്രിതമായിരുന്നോ, സമൂഹത്തിനു ഗുണകരമായിരുന്നോ എന്നെല്ലാം കൂടി നമ്മൾ പരിശോധിക്കേണ്ടതുണ്ട്. 

കേരളത്തിൽ നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള മുന്നേറ്റം ഉണ്ടായിട്ടില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മികച്ച വിദ്യാഭ്യാസവും തൊഴിലും കിട്ടണമെങ്കിൽ നമ്മുടെ കുട്ടികളും ചെറുപ്പക്കാരും എവിടേക്കാണ് പോകേണ്ടത്? മറ്റേതൊരു സംസ്ഥാനത്തേക്കാളും വളരെ പുരോഗമനമാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. പക്ഷേ,  ആരോഗ്യരംഗത്ത് പുരോഗതി അവകാശപ്പെടുമ്പോഴും ഇതര സംസ്ഥാനത്തു നിന്നും രാജ്യത്തുനിന്നും എല്ലാം എത്രപേരാണ് ഇവിടേക്കു ചികിത്സയ്ക്കു വരുന്നത്? ഉയർന്ന വിദ്യാഭ്യാസ നിരക്ക് അവകാശപ്പെടുമ്പോഴും എത്രപേരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കു പഠിക്കാൻ വരുന്നത്? നമ്മുടെ കുട്ടികൾ എല്ലായിടങ്ങളിലും പഠിക്കാനും തൊഴിലെടുക്കാനും പോകുകയാണ്. നമ്മുടെ വിദ്യാഭ്യാസ പുരോഗതിക്ക് പരപ്പുണ്ട്. എന്നാൽ ആഴമില്ല. യാഥാർഥ്യം അംഗീകരിച്ചേ പറ്റൂ. ആഴം വർധിപ്പിക്കാൻ കൂട്ടായ പരിശ്രമങ്ങളും ചർച്ചകളും വേണം. 

എന്നിട്ടും സമഗ്ര പുരോഗതി നേടിയെന്നാണു പറയുന്നത്. വായ്ത്താരി കൊണ്ടൊന്നും കാര്യമില്ല. കേവല പ്രചാരണങ്ങളിൽ മാത്രമല്ല, യാഥാർഥ്യങ്ങളിലും അതു പ്രതിഫലിക്കണമെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു. 

ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ 1500 മലയാളി വിദ്യാർഥികള്‍ ഡിഗ്രിക്കു പ്രവേശനം നേടിയെന്നാണ് കഴിഞ്ഞവർഷം വന്ന മാധ്യമ വാർത്തകൾ. ഈ വർഷം അതേ കോളജ് ഒരു എൻട്രൻസ് പരീക്ഷ വച്ചപ്പോൾ 10 ൽ താഴെ കുട്ടികളാണ് അതിൽ പാസ്സായതും പഠിക്കാൻ ചേർന്നതും. നമ്മൾ നിലവാരത്തെയും ഉയർച്ചയെയും കുറിച്ചൊക്കെ പറയും. കേരളമെന്ന് വായ്ത്താരികളിലൂടെ പറയുന്നതിനു പകരം നമ്മൾ എന്താണെന്ന യഥാർഥ്യം കൂടി മനസ്സിലാക്കി മുന്നോട്ടുപോകേണ്ടതുണ്ട്. കേരളം എല്ലാവരുടേതും ആണ്. കുറവുകളുണ്ടെങ്കിൽ അത് എല്ലാവരുടേതും ആണ്. നേട്ടമുണ്ടെങ്കിലും അങ്ങനെ തന്നെയെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു. 

English Summary: Valsan Thillankeri about Kerala Renaissance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com