ADVERTISEMENT

ന്യൂഡൽഹി∙ കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഏപ്രിൽ 13ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രിൽ 20 വരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രിൽ 21 വരെ. ഏപ്രിൽ 24 വരെ പത്രിക പിൻവലിക്കാം. 

ഭിന്നശേഷിക്കാർക്കും എൺപതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 തേർഡ് ജെൻ‌ഡർമാരുമാണ്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കും. 2018–19 വർഷത്ത അപേക്ഷിച്ച് 9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് 18 വയസ്സ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. ജാതിസമുദായ സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് കടുത്ത മത്സരം തന്നെ നടക്കുമെന്ന് ഉറപ്പ്. 224 അംഗ നിയമസഭയിലേക്ക് 2018ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം നേടാനായില്ല. 104 സീറ്റ് ലഭിച്ച ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 80, ജെഡിഎസിന് 37 എന്നിങ്ങനെയായിരുന്നു സീറ്റ് നില. തിരഞ്ഞെടുപ്പിനു പിന്നാലെ ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയെങ്കിലും വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപ് രാജിവച്ചു. തുടർന്ന് കോൺഗ്രസ് – ജെഡിഎസ് സഖ്യം എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ 14 മാസം ഭരിച്ചു. രണ്ടു പാർട്ടികളിലെയും എംഎൽഎമാർ ബിജെപിയിലേക്കു കൂറുമാറിയതോടെ സർക്കാർ വീണു.

2019ൽ വീണ്ടും യെഡിയൂരപ്പയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലേറി. 2021ൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതോടെ യെഡിയൂരപ്പയെ മാറ്റി ബസവരാജ ബൊമ്മെയെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയാക്കുകയായിരുന്നു. നിലവിൽ ബിജെപിക്ക് 121 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 69, ജെ‍‍ഡിഎസിന് 32 (കഴിഞ്ഞ ദിവസം ഇവരിൽ രണ്ടുപേർ കൂറുമാറി), സ്വതന്ത്രൻ 1. നാലുമാസം മുൻപ് ബിജെപി എംഎൽഎ മരിച്ചതിനാൽ നിലവിൽ ഒരു സീറ്റ് ഒഴിഞ്ഞ​ുകിടക്കുന്നു.

224ൽ 150 സീറ്റുകൾ നേടുമെന്നാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കോൺഗ്രസ് 124 പേരുടെ സ്ഥാനാർഥി പട്ടിക പുറത്തിവിട്ടപ്പോൾ ജെഡിഎസ് 93 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ഇത്തവണ മൈസൂരുവിലെ വരുണയിൽനിന്ന് ജനവിധി തേടും. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനക്പുരയിൽ മത്സരിക്കും. മുതിർന്ന് നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയിൽ തുടരും.

കഴിഞ്ഞ ആഴ്ച സംവരണ വിഭാഗത്തിൽ സർക്കാർ വരുത്തിയ മാറ്റം സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഒബിസി വിഭാഗത്തിനു കീഴിലുള്ള മുസ്‍ലിംകൾക്കുള്ള 4 ശതമാനം സംവരണം സർക്കാർ റദ്ദാക്കിയിരുന്നു. പകരം വീരശൈവ- ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ഒബിസി മുസ്‌ലിംകളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണ വിഭാഗത്തിലേക്കു മാറ്റാനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിലാണ്. എസ്ടി പട്ടികയിൽ പ്രത്യേക സംവരണം എന്ന ആവശ്യം അംഗീകരിക്കാത്തതിൽ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വീടിനു നേരെ ബ‍ഞ്ചാര സമുദായത്തിന്റെ ആക്രമണമുണ്ടായി.

English Summary: Poll Body To Announce Karnataka Election Date Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com