ADVERTISEMENT

കോഴിക്കോട്∙ 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയിലാണ് 120 കോടിയുടെ അഴിമതി നടന്നതെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജലശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നിൽ. 

കേന്ദ്ര പദ്ധതിയിലാണ് അഴിമതി നടക്കുന്നതെന്നത് ഗൗരവതരമാണ്. ജൽജീവൻ മിഷന് വേണ്ടി കഴിഞ്ഞ വർഷം 9,00 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. എന്നാൽ സംസ്ഥാനം വിഹിതം അനുവദിച്ചില്ലെന്ന് മാത്രമല്ല അതിൽ നിന്നും അടിച്ചു മാറ്റുകയും ചെയ്യുകയാണ്. മറ്റു സംസ്ഥാനങ്ങൾ ജൽജീവൻ മിഷൻ ഏറെ നേട്ടങ്ങൾ കൈവരിക്കുമ്പോൾ കേരളത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അഴിമതി നടത്തുകയാണ്. മലപ്പുറത്തുള്ള കരാറുകാരന് കരാർ ലഭിക്കാൻ വേണ്ടി മാനദണ്ഡങ്ങൾ മാറ്റുകയായിരുന്നു. മലപ്പുറം സൂപ്രണ്ടിങ് എൻജിനീയർ നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ കരാർ പിടിച്ചത്. ഫ്ലാറ്റ് ബോട്ടം അപ് വേഡ് ഫ്ലോ സ്ലഡ്ജ് ബ്ലാങ്കന്റ് ടെക്നോളജി ഉപയോഗിച്ച് പൊന്നാനിയിൽ പ്ലാന്റ് ചെയ്തുവെന്നാണ് ഇയാൾ സർട്ടിഫിക്കറ്റിൽ പറയുന്നതെങ്കിലും അങ്ങനൊരു ടെക്നോളജിയിൽ വർക്ക് നടന്നിട്ടില്ലെന്ന് കോഴിക്കോട് ചീഫ് എൻജിനീയർ കണ്ടെത്തി. എന്നാൽ അവരെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും മലപ്പുറം സൂപ്രണ്ടിനെ കോഴിക്കോട്ടെത്തിക്കുകയും ചെയ്യുകയാണ് സർക്കാർ ചെയ്തത്. 

ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 559 കോടിയുടെ പദ്ധതിക്ക് 10% തുക ഉയർത്തി 614 കോടിയ്ക്ക് ക്വോട്ട് ചെയ്യിപ്പിച്ചു. ഇതിൽ കോടികളുടെ ഇടപാടാണ് നടന്നത്. ഇപ്പോൾ കരാറു കിട്ടിയിട്ടുള്ള മിഡ് ലാൻഡ് കമ്പനിയെ നേരത്തെ കിഫ്ബി പദ്ധതിയിൽ തിരിമറി നടത്തിയതിന് പിടികൂടിയിരുന്നു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഉന്നത ഉദ്യോഗസ്ഥരുടേയും കേന്ദ്രമന്ത്രിയുടേയും ശ്രദ്ധയിൽ ഈ കാര്യങ്ങൾ കൊണ്ടുവരുകയും നിയമനടപടി കൈക്കൊള്ളുകയും ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

English Summary: K.Surendran against Kerala government on Jal Jeevan mission fraud allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com