ADVERTISEMENT

തിരുവനന്തപുരം∙ നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൂര്യഗായത്രിയെ പേയാട് സ്വദേശി അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കൺമുൻപിൽ വച്ചായിരുന്നു ആക്രമണം.

ഇരുപതുകാരിയായ സൂര്യഗായത്രിയെ മാതാപിതാക്കളുടെ കണ്‍മുന്നിലിട്ട് 33 കുത്ത് കുത്തിയാണ് കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണം എന്ന ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. പേയാടിനടുത്ത് ചിറക്കോണത്ത് താമസിക്കുന്ന അരുണാണ് പ്രതി. കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാര്‍ അരുണിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 

സൂര്യഗായത്രിയെ വിവാഹം കഴിക്കണമെന്ന അരുണിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നെങ്കിലും അധികം വൈകാതെ വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് സൂര്യയും മാതാപിതാക്കളും താമസിക്കുന്ന വാടകവീട്ടില്‍ അരുണ്‍ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നല്‍കിയിരുന്ന സ്വര്‍ണവും പണവും തിരിച്ച് ചോദിച്ചപ്പോളുണ്ടായ തര്‍ക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും അത് തടഞ്ഞപ്പോള്‍ സ്വയം കുത്തി മരിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സൂര്യയുടെ ദേഹത്ത് 33 മുറിവുകളുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മകളെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കളെ ഉപദ്രവിച്ചതും അതിനെതിരായ തെളിവായി പ്രോസിക്യൂഷനും കാണിച്ചു.

അടുക്കള വാതിലിലൂടെ അകത്തു കടന്നാണ് അരുണ്‍ ക്രൂരമായി മകളെ കൊലപ്പെടുത്തിയതെന്നും മകളെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ആക്രമിച്ചതായി സൂര്യഗായത്രിയുടെ അച്ഛമും അമ്മയും കോടതിയെ അറിയിച്ചിരുന്നു. അബോധാവസ്ഥയിലായിട്ടും സൂര്യയെ ആക്രമിക്കുന്നതു പ്രതി തുടര്‍ന്നു. സൂര്യയുടെ തല മുതല്‍ കാലുവരെ കുത്തുകളേറ്റ 33 മുറിവുണ്ടായിരുന്നു. തല ചുമരില്‍ പലവട്ടം ഇടിച്ചു മുറുവേല്‍പ്പിച്ചു. പിതാവിന്‍റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ അരുണ്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സമീപത്തെ വീടിന്‍റെ ടെറസിനു മുകളില്‍ ഒളിക്കാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നവരാണു സൂര്യഗായത്രിയുടെ അച്ഛനും അമ്മയും. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും ഇയാള്‍ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയില്‍ 88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 

സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈഎസ്പിയുമായ ബി.എസ്. സജിമോന്‍ മൊഴി നൽകി. കൊലപാതകം നടക്കുന്നതിനു രണ്ട് വർഷം മുമ്പ് അരുൺ സൂര്യഗായത്രിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്ന്, കൊല്ലം സ്വദേശിയുമായി സൂര്യഗായത്രിയുടെ വിവാഹം നടന്നു. സൂര്യഗായത്രിയുടെ ഭർത്താവിനെ അരുൺ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും സൂര്യഗായത്രി  ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയെ കാണാനെത്തിയത് അറിഞ്ഞാണ് അരുൺ സൂര്യഗായത്രിയുടെ വീട്ടിലെത്തിയത്.

സൂര്യ ഗായത്രിയുടെ ഭര്‍ത്താവ് കൊല്ലം ചന്ദന തോപ്പ് സ്വദേശി രതീഷിനെയും കോടതി വിസ്തരിച്ചു. കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുന്‍പ് തന്നോട് പിണങ്ങിയ സൂര്യഗായത്രി അമ്മയുടെ കരിപ്പൂരുള്ള വീട്ടിലേക്കു വരികയായിരുന്നെന്ന് രതീഷ് കോടതിയെ അറിയിച്ചു. പ്രതി തന്നെ ഫോണില്‍ വിളിച്ച് സൂര്യഗായത്രിക്കും അമ്മയ്ക്കും പണി കൊടുക്കുമെന്ന് പറഞ്ഞതായും രതീഷ് കോടതിയില്‍ മൊഴി നല്‍കി. കൃത്യം നടന്ന വീട്ടിനുള്ളിലെ ചുമരിൽ നിന്നും ലഭിച്ച വിരലടയാളം പ്രതി അരുണിന്റെതാണെന്ന് വിരലടയാള വിദഗ്ധനും കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീനും വിനു മുരളിയും പ്രതിക്കു വേണ്ടി പരുത്തിപളളി. ടി.എന്‍. സുനില്‍കുമാറും ഹാജരായി.

English Summary: Arun convicted in Sooryagayathri murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com