എടപ്പാൾ (മലപ്പുറം)∙ കുറ്റിപ്പാലയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകൾ അക്ഷയ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്.
കോളജിൽനിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലെ മുറിയിലേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ മുറിയിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിലവിൽ മൃതദേഹം എടപ്പാളിലെ മോർച്ചറിയിലാണ്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
English Summary: Degree Student Found Dead at House