ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുൻപത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കണം. പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെഎംഎസ്‌സിഎല്ലിനും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് സജ്ജമായ ഐസലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടതാണ്. പൂര്‍ത്തിയാക്കാനുള്ള ഐസലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരും ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഐസിയുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരില്‍ പ്രമേഹവും രക്താദിമര്‍ദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് ഏറെയും. ജീവിതശൈലി രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

സംസ്ഥാനത്ത് ഫെബ്രുവരിയില്‍ കേസുകള്‍ തീരെ കുറവായിരുന്നു. എന്നാല്‍ മാര്‍ച്ചോടെയാണ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടായത്. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതില്‍ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക പരിശോധന വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.

English Summary: Kerala to strengthen Covid precautions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com