ടിക്കറ്റ് ഉണ്ടായിട്ടും മൂന്നു പേർക്ക് തിയറ്ററിൽ പ്രവേശനം നിഷേധിച്ച് അധികൃതര്‍; പ്രതിഷേധം
Mail This Article
ചെന്നൈ∙ സിനിമാ തിയറ്ററില്‍ എത്തിയ നരിക്കുറവര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനം നിഷേധിച്ച് തിയറ്റര്‍ അധികൃതര്‍. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് ടിക്കറ്റുമായി കോയമ്പേടുള്ള തിയറ്ററില്‍ സിനിമയ്‌ക്കെത്തിയത്. സിനിമ കാണാനെത്തിയര്‍ ഇവരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ വഴങ്ങിയില്ല. സംഭവത്തിൽ പ്രതിഷേധം ശക്തമായി.
ഇന്നു രാവിലെയാണ് ചെന്നൈ കോയമ്പേടുള്ള തിയറ്ററിൽ വിവാദ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം റിലീസായ ‘പത്തുതല’ എന്ന ചിത്രം കാണാനാണ് നരിക്കുറവർ സമുദായത്തിൽപ്പെട്ട രണ്ടു സ്ത്രീകളും ഒരു കുട്ടിയും തിയറ്ററിലെത്തിയത്. ഇവരുടെ കയ്യിൽ ടിക്കറ്റുണ്ടായിരുന്നെങ്കിലും അധികൃതർ അകത്തു കയറ്റാൻ തയാറായില്ല.
ഇതേ സിനിമയ്‌ക്കെത്തിയ മറ്റ് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഇവരെ തിയറ്ററിലേക്ക് കടത്തിവിട്ടത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻതോതിൽ പ്രതിഷേധമുണ്ടായി. ഇതിനിടെ, ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് 12 വയസ് പൂർത്തിയാകാത്തതിനാലാണ് അകത്തേക്കു കയറ്റി വിടാതിരുന്നതെന്ന വിചിത്ര വാദവുമായി തിയറ്റർ അധികൃതർ രംഗത്തെത്തി. യു/എ ചിത്രമായതിനാലാണ് ഇതെന്നാണ് വാദം.
English Summary: Row In Chennai After Family Denied Entry Into Movie Hall