അഗർത്തല ∙ നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ അശ്ലീല വിഡിയോ കണ്ട് ത്രിപുരയിലെ ബിജെപി എംഎൽഎ. ബാഗബാസ മണ്ഡലം എംഎൽഎ ജാദവ് ലാൽ നാഥ് ആണ് സംസ്ഥാനത്തെ ബജറ്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെ അശ്ലീലവിഡിയോ കണ്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ജാദവ് ലാലിന് പിന്നിലിരുന്നയാൾ ആണ് വിഡിയോ പകർത്തിയത്. മൊബൈലിലെ വിഡിയോ ക്ലിപ്പുകൾ സ്ക്രോൾ ചെയ്യുന്നതിനിടെ അശ്ലീല വിഡിയോ കാണുകയും അത് പ്ലേ ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ജാദവിനോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതാദ്യമായല്ല ഒരു എംഎൽഎ നിയമസഭയ്ക്ക് അകത്തിരുന്ന് അശ്ലീല വിഡിയോ കാണുന്നത്. 2012ൽ കർണാടക നിയമസഭയിൽ ലക്ഷ്മൺ സാവദി, സി.സി. പാട്ടിൽ എന്നീ മന്ത്രിമാർ മൊബൈലിൽ അശ്ലീല വിഡിയോ കാണുകയും വിവാദമായതോടെ അവർ രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് നിരപരാധിയെന്ന് തെളിഞ്ഞതോടെ വീണ്ടും അധികാരത്തിൽ എത്തുകയായിരുന്നു.
English Summary: Video Appears To Show Tripura BJP MLA Watching Porn In Assembly