ന്യൂഡൽഹി∙ ലൈംഗിക പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകനോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ യുവതി അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. അലിഗഡ് സ്വദേശിയായ സോഫിയ എന്ന യുവതിയാണ് അറസ്റ്റിലായത്.
നേഹ ഠാക്കൂർ എന്നു പരിചയപ്പെടുത്തിയാണ് സോഫിയ പരാതിക്കാരനെ പരിചയപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി. ഇതിനിടെ തന്നെ വിവാഹം ചെയ്യണമെന്ന് സോഫിയ യുവാവിനോട് ആവശ്യപ്പെട്ടു. യുവാവ് സമ്മതിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ്, വ്യാജ ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി സോഫിയ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് അഡീഷനൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ശക്തി മോഹൻ അവാസ്തി വ്യക്തമാക്കി. ചതി മനസ്സിലാക്കിയ യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അലിഗഡ് സ്വദേശിനിയായ സോഫിയയ്ക്ക് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് മനസിലാക്കി. ഇവർക്കെതിരെ അലിഗഡ് പൊലീസ് സ്റ്റേഷനിൽ സമാനമായ കേസുകൾ വേറെയുമുണ്ട്. ബന്ധം സ്ഥാപിച്ച ശേഷം വ്യാജ ബലാത്സംഗ പരാതികൾ ഉന്നയിച്ച് ആളുകളെ കെണിയിൽപ്പെടുത്തുന്നതാണ് ഇവരുടെ രീതിയെന്നും ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
English Summary: Woman arrested for blackmailing, implicating lover in false rape case