ന്യൂഡല്‍ഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു കൈമാറാൻ 2016ൽ ഗുജറാത്ത് സർവകലാശാലയോടാണു വിവരാവകാശ കമ്മിഷൻ നിർദേശിച്ചത്.
വിശദാംശങ്ങൾ തേടി ഹർജി നൽകിയ അരവിന്ദ് കേജ്‌രിവാളിനു ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ബീരേൻ വൈഷ്‌ണവ് ഉത്തരവിൽ വ്യക്തമാക്കി.
മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് ആവശ്യപ്പെട്ട കേജ്‍രിവാളിന്റെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്ത ഗുജറാത്ത് സർവകലാശാല, വിദ്യാർഥികളുടെ ബിരുദ വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നു വാദിച്ചു.
English Summary: Details Of PM Degree Not Needed, Says Court, Fines Arvind Kejriwal: Report