കുമരകം∙ കോട്ടയത്തിന്റെയും കേരളത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് രണ്ടാം ജി20 ഷെർപ്പ യോഗത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സാർവത്രിക സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ജി20 പ്രമേയം – ‘വസുധൈവ കുടുംബകം’ അഥവാ ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന ആശയം, അതിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ സന്ദേശത്താലും ഇന്നത്തെ വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ ഉൾക്കൊള്ളുന്നതിനാലും ലോകമെമ്പാടും ഈ ആശയം പ്രതിധ്വനിക്കുകയാണെന്നും സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് അദ്ദേഹം വ്യക്തമാക്കി.


പ്രസംഗത്തിന്റെ പൂർണരൂപം:
കോട്ടയത്തെ കുമരകത്തു നടക്കുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ രണ്ടാം ഷെർപ്പ യോഗത്തിലേക്ക്, ഇന്ത്യൻ സർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും പ്രതിനിധാനം ചെയ്ത്, നിങ്ങളെയേവരെയും സ്വാഗതം ചെയ്യാനായതിൽ എനിക്ക് ആഹ്ലാദമുണ്ട്.
സുഗന്ധവ്യഞ്ജനങ്ങളുടെയും റബറിന്റെയും പ്രധാന വ്യാപാര കേന്ദ്രമാണു കോട്ടയം. ഇന്ത്യയുടെ സ്വാഭാവിക റബർ ഉൽപ്പാദനത്തിന്റെ 35 ശതമാനവും സംഭാവന ചെയ്യുന്നതു കോട്ടയമാണ്. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ജീവനാഡിയാണു റബർ എന്നതിനാൽ, അവരുടെ ക്ഷേമത്തിനായി ഇന്ത്യൻ സർക്കാർ നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. അച്ചടി മാധ്യമങ്ങൾക്കും സാഹിത്യത്തിനും നൽകിയ സംഭാവന കണക്കിലെടുത്ത് ‘അക്ഷരങ്ങളുടെ നഗരം’ എന്നർഥം വരുന്ന ‘അക്ഷരനഗരി’ എന്നാണു കോട്ടയം അറിയപ്പെടുന്നത്. മലയാളത്തിലെ ആദ്യകാല ദിനപ്പത്രങ്ങളും പ്രസിദ്ധീകരണശാലകളും ഇവിടെയാണു സ്ഥാപിക്കപ്പെട്ടത്.


1989ൽ 100% സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ പട്ടണമാണു കോട്ടയം.


പ്രധാനപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കുകയും അനന്തരഫലത്തെക്കുറിച്ചുള്ള പ്രധാന രേഖകൾ തയാറാക്കുകയും ചെയ്യുമ്പോൾ, പ്രാദേശികമായുള്ള പ്രാധാന്യം അനുഭവിക്കാനും അപ്പം, പുട്ട്, അവിയൽ, വാഴപ്പഴ ഉപ്പേരി, ഇഡ്ഡലി മുതലായ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനും കേരളത്തിന്റെ തനതു കരകൗശല വസ്തുക്കൾ വാങ്ങാനും ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. കേരളത്തിലെ കായലുകളെക്കുറിച്ചു പറഞ്ഞില്ലെങ്കിൽ അതു വലിയ നഷ്ടമായിപ്പോകും. കായലിനാൽ സമൃദ്ധമായ ചെറിയ ദ്വീപുകളുടെ കൂട്ടം ഉൾക്കൊള്ളുന്ന മേഖലയാണു കുമരകം. ഇതു ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇനിയുള്ള ദിവസങ്ങളിൽ മനോഹരമായ കായലുകളിൽ നിങ്ങൾ വഞ്ചികളിലെ യാത്ര ആസ്വദിക്കുമെന്നറിയുന്നതിൽ എനിക്കു സന്തോഷമുണ്ട്.
ജീവന്റെ ശാസ്ത്രമായ ആയുർവേദം അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തിൽ ഉദ്ഭവിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത നാടായും കേരളം അറിയപ്പെടുന്നു. നിങ്ങൾക്ക് ആയുർവേദവുമായി ബന്ധപ്പെട്ട അനുഭവമുണ്ടാകുന്നില്ലെങ്കിൽ നിങ്ങളുടെ സന്ദർശനം പൂർണമാകില്ല. ഒരാളുടെ ജീവിതകാലത്തു സന്ദർശിക്കേണ്ട, ആഗോളതലത്തിലെ ഏറ്റവും മികച്ച പത്തു സ്ഥലങ്ങളിൽ ഇടംപിടിച്ച, കേരളം എന്തുകൊണ്ടാണു ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്നതെന്ന്, നിങ്ങൾ ഇവിടത്തെ സഞ്ചാരം പൂർത്തിയാക്കുമ്പോൾ മനസിലാക്കുമെന്ന് എനിക്കുറപ്പുണ്ട്.


സുഹൃത്തുക്കളേ,


സാർവത്രിക സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ ജി20 പ്രമേയം, അതായത് ‘വസുധൈവ കുടുംബകം’ അഥവാ ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന ആശയം, അതിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ സന്ദേശത്താലും, ഇന്നത്തെ വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ ഉൾക്കൊള്ളുന്നതിനാലും ലോകമെമ്പാടും പ്രതിധ്വനിക്കുകയാണ്.
ഇന്ത്യയിലെ 27 വ്യത്യസ്ത നഗരങ്ങളിലായി ഞങ്ങൾ ഇതുവരെ 46 ജി20 യോഗങ്ങൾ വിജയകരമായി നടത്തി. ഇതിലെല്ലാം നിങ്ങളുടെ രാജ്യങ്ങളിൽനിന്നുള്ള ആവേശകരമായ വ്യക്തിഗതപങ്കാളിത്തത്തിനു ഞാൻ ഏവരോടും ആത്മാർഥമായി നന്ദി പറയുന്നു. ഷെർപ്പ - സാമ്പത്തികപാത പ്രവർത്തകസമിതികൾക്കു പുറമേ, രണ്ടു മന്ത്രിതല - അതായത്, ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും (എഫ്എംസിബിജി) ജി 20 വിദേശകാര്യ മന്ത്രിമാരുടെയും (എഫ്എംഎം) - യോഗത്തിലും ഏവരിൽനിന്നും റെക്കോർഡ് ഉന്നതതല പങ്കാളിത്തമുണ്ടായി. പ്രത്യേകിച്ചും, 28 വിദേശകാര്യ മന്ത്രിമാരും 2 ഡെപ്യൂട്ടി / ഉപ വിദേശകാര്യ മന്ത്രിമാരും എഫ്എംഎമ്മിൽ പങ്കെടുത്തു. 2023 സെപ്‌റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നേതാക്കളുടെ ഉച്ചകോടിയിൽ 20-ഓളം മന്ത്രിതല യോഗങ്ങൾകൂടി വിജയകരമായി നടത്താനാകുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.


ഹരിത വികസനം, കാലാവസ്ഥാ ധനകാര്യം, ലൈഫ്; ത്വരിതഗതിയിലുള്ളതും സമഗ്രവും ഊർജസ്വലവുമായ വളർച്ച; സുസ്ഥിര വികസനലക്ഷ്യങ്ങളിലെ പുരോഗതി ത്വരിതപ്പെടുത്തൽ; സാങ്കേതിക പരിവർത്തനവും പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യവും; 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങൾ; സ്ത്രീകൾ നേതൃത്വം നൽകുന്ന വികസനം എന്നിങ്ങനെ ഞങ്ങളുടെ ജി20 മുൻഗണനകൾക്കു വിശാലമായ സ്വീകാര്യത ലഭിച്ചു. 2023 ജനുവരിയിൽ നടന്ന നമ്മുടെ ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി’യിൽ ഗ്ലോബൽ സൗത്തിലെ 124 രാജ്യങ്ങളും ഈ മുൻഗണനകൾക്കു പിന്തുണയേകി.


2023 മാർച്ച് ഒന്നിനും രണ്ടിനും ന്യൂഡൽഹിയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെത്തുടർന്ന് അധ്യക്ഷന്റെ സംഗ്രഹവും അനന്തരഫലരേഖയും ജി 20യിൽ ഇതാദ്യമായാണ്. ബഹുമുഖ പരിഷ്കാരങ്ങളുടെ അംഗീകാരം, വികസന സഹകരണത്തോടുള്ള പങ്കാളിത്ത സമീപനം, അധിക ധനസഹായം സമാഹരിക്കുന്നതിനു ബഹുമുഖ വികസന ബാങ്കുകളുടെ (എംഡിബി) ആവശ്യകത, ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രവർത്തനങ്ങളിലും അസന്ദിഗ്ധമായി അപലപിക്കൽ, പുതിയതും ഉയർന്നുവരുന്നതുമായ ഭീഷണികളെ നേരിടാനുള്ള ദൃഢനിശ്ചയം, വിശ്വസനീയമായ ഭക്ഷ്യ-രാസവളം വിതരണശൃംഖലകളുടെ ആവശ്യകത, അതിജീവനശേഷിയുള്ള വിതരണശൃംഖലകൾ, ആഗോള നൈപുണ്യ രേഖപ്പെടുത്തൽ എന്നിവ അതിന്റെ പ്രധാന ഫലങ്ങളിൽ ഉൾപ്പെടുന്നു. ആദ്യമായി, ജി20ഉം ആഫ്രിക്കൻ പങ്കാളികളും അതായത് ആഫ്രിക്കൻ യൂണിയനും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നത് എടുത്തുപറഞ്ഞു. ദക്ഷിണാഫ്രിക്ക, നൈജീരിയ, ഈജിപ്ത്, എയു അധ്യക്ഷൻ കൊമോറോസ്, മൗറീഷ്യസ്, എയുഡിഎ-എൻഇപിഎഡി എന്നിവയ്ക്കൊപ്പം, ജി 20ൽ ആഫ്രിക്കയിൽനിന്ന് ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ളത് ഇന്ത്യൻ അധ്യക്ഷതയിലാണ്.


ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കിടയിലും നമ്മുടെ കൂട്ടായ പരിശ്രമത്താലാണ് ഇതെല്ലാം സാധ്യമായത്.


ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്താനും അതുപോലെ ജി20ന്റെ നല്ല പ്രവർത്തനങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും അഭിലഷണീയവും അംഗീകരിക്കപ്പെട്ടതുമായ ഫലങ്ങൾ കൈവരിക്കുന്നതിനും മുന്നോട്ടുള്ള വഴിയെക്കുറിച്ച് ആലോചിക്കുന്നതിനും കുമരകം നിങ്ങൾക്കേവർക്കും മികച്ച അവസരം നൽകുമെന്നു ഞാൻ പ്രത്യാശിക്കുന്നു. ഏവർക്കും ഫലപ്രദമായ ചർച്ചകളും ആസ്വാദ്യകരമായ താമസവും ഞാൻ ആശംസിക്കുന്നു.
നന്ദി.
English Summary: G20 Sherpa Meet - Remarks by Shri V. Muraleedharan, Minister of State for External Affairs and Parliamentary Affairs

