ADVERTISEMENT

തിരുവനന്തപുരം ∙ കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന് കുറ്റാരോപണ പത്രിക നൽകി സർക്കാർ. വിരമിക്കുന്ന ദിവസംതന്നെയായിരുന്നു നടപടി. സസ്പെൻഷൻ നടപടികളിലേക്ക് സർക്കാർ കടന്നില്ല. സർക്കാർ അനുവാദമില്ലാതെ ഗവർണറുടെ നിർദേശപ്രകാരം വിസിയുടെ താൽക്കാലിക ചുമതല ഏറ്റെടുത്തതിനാണ് നടപടി.

എതിർവാദ പത്രിക 15 ദിവസത്തിനകം നൽകണം. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കുറ്റാരോപണ പത്രികയിൽ പറയുന്നു. ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തുകയും ഫയലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്തു. അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതിനാലാണ് കുറ്റാരോപണ പത്രിക നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി.

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് സിസ തോമസിനെ സർക്കാർ നീക്കിയിരുന്നു. പകരം പദവി നൽകിയില്ല. എന്നാൽ, ഈ മാസം വിരമിക്കുന്ന സിസ തോമസിനെ തിരുവനന്തപുരത്തുതന്നെ നിയമിക്കാൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. തുടർന്ന്, ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പലായി സിസയെ നിയമിച്ചു.

യുജിസി മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വിസി എം.എസ്.രാജശ്രീയെ സുപ്രീംകോടതി അയോഗ്യയാക്കിയതിനു പിന്നാലെ സർക്കാർ നൽകിയ പട്ടിക തള്ളിയാണ് സിസ തോമസിനെ ഗവർണർ വിസിയായി നിയമിച്ചത്. സിസ വിരമിക്കുന്നതിനാൽ, എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഡോ.സജി ഗോപിനാഥിനെ ഗവർണർ നിയമിച്ചിട്ടുണ്ട്. നിലവിൽ കേരള ഡിജിറ്റൽ സയൻസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാണ്. വിസി നിയമനത്തിന് സർക്കാർ നൽകിയ പട്ടികയിൽ ഒന്നാം പേരുകാരനായിരുന്നു സജി ഗോപിനാഥ്.

English Summary: Govt. action against KTU VC Ciza Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com