ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ നിയമപോരാട്ടം അനന്തമായി നീളുമെന്ന സൂചനയാണ് കേസ് ഫുൾ ബഞ്ചിനു വിട്ട ലോകായുക്തയുടേയും ഉപലോകായുക്തയുടെയും വിധി. ലോകായുക്ത പരാതി ഫയലില്‍ സ്വീകരിച്ച് 4 വർഷത്തിനു ശേഷമാണ് ഭിന്നാഭിപ്രായം രേഖപ്പെടുത്തി വിധി വരുന്നത്. വാദം പൂർത്തിയായി വിധിപറയാൻ മാറ്റിവച്ചത് ഒരു വർഷവും 12 ദിവസവും. ലോകായുക്തയുടെ അധികാര പരിധിയെപ്പറ്റി സംശയം ഉണ്ടെങ്കിൽ ഇത്രയും കാലതാമസമെടുക്കാതെ നേരത്തെ തന്നെ ഫുൾ ബെഞ്ചിലേക്ക് കേസ് വിടാമായിരുന്നില്ലേ എന്ന ചോദ്യം നിയമവിദഗ്ധരിൽനിന്ന് ഉയരുന്നു. ലോകായുക്ത വിധി എതിരായതിനെ തുടർന്ന് മുൻ മന്ത്രി കെ.ടി.ജലീൽ രാജിവച്ചിരുന്നു. ലോകായുക്ത വിധി എതിരായാൽ മുഖ്യമന്ത്രിയും രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. അതിനാൽത്തന്നെ ഭിന്നവിധി വന്നത് സർക്കാരിന് ആശ്വാസമായി. 

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ഹാറുൺ ഉൽ റഷീദ് എന്നിവരാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് കൂടി ഉൾപ്പെടുന്നതാണ് ഫുൾ ബഞ്ച്. മന്ത്രിസഭയുടെ തീരുമാനം ലോകായുക്ത നിയമപ്രകാരം അന്വേഷിക്കാൻ കഴിയുമോ, പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങളുടെ ആധികാരികത എന്നീ കാര്യങ്ങളിലാണ് ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ ഭിന്നാഭിപ്രായം ഉണ്ടായത്. ഭിന്നാഭിപ്രായം ഉണ്ടെങ്കിൽ വാദം പൂർത്തിയായ ഉടനെ അക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കേണ്ടതാണെന്നും ഹൈക്കോടതി നിർദേശംവരെ കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും ചോദ്യമുയരുന്നു.

വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ഉത്തരവ് ഇറങ്ങാത്തതിനെ തുടർന്ന് കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന് ലോകായുക്തയിൽ പരാതി നൽകാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതും ഒരാഴ്ചയ്ക്കുശേഷം വിധി വന്നതും. ഹൈക്കോടതി നിർദേശം ഇല്ലായിരുന്നെങ്കിൽ വിധി പ്രഖ്യാപനം വൈകുമായിരുന്നെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ലോകായുക്തയുടെ വിശ്വാസ്യത തകർക്കുന്ന വിചിത്ര വിധിയാണെന്ന് പ്രതിപക്ഷവും പറയുന്നു. സമയബന്ധിതമായി വിധിയുണ്ടാകാന്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നംഗ ബെഞ്ചിന് കേസ് കൈമാറിയതോടെ ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിന് കേസ് രേഖകൾ കൈമാറും. സർക്കാർ പ്രതിനിധിയെയും ഹർജിക്കാരനെയും വീണ്ടും വിസ്തരിക്കും. കേസിൽ ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായാൽ ലോകായുക്തയും ഉപലോകായുക്തമാരും കേസ് പരിഗണിക്കണമെന്നും ഭൂരിപക്ഷ അഭിപ്രായം നടപ്പിലാക്കണമെന്നുമാണ് ലോകായുക്ത നിയമത്തിലെ 7 (1) പറയുന്നത്.  ദുരിതാശ്വാസനിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഓർഡിനൻസ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്. ബിൽ ഗവർണറുടെ പരിഗണനയ്ക്ക് അയച്ചെങ്കിലും ഒപ്പിടാത്തതിനാൽ നിയമമായില്ല. ബില്ലിൽ ഗവർണർ ഒപ്പിട്ടാൽ കേസിനു പ്രസക്തിയില്ലാതാകും.

ബില്ലിലെ ഭേദഗതി അനുസരിച്ച് ലോകായുക്ത വിധി എതിരായാൽ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഗവർണറല്ല, നിയമസഭയാണ്. സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ സർക്കാരിന് വിധിയെ മറികടക്കാൻ കഴിയും. നിലവിലെ സാഹചര്യത്തിൽ ഗവർണർ ബില്ലിന് അനുമതി നൽകാനിടയില്ല. ഗവർണർ ബില്ലിൽ എതിരായ നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് ആശ്വാസകരമായ തീരുമാനമാണ് ലോകായുക്തയിൽനിന്ന് ഉണ്ടായതെന്നാണ് പാർട്ടി വിലയിരുത്തൽ.

അതേസമയം, ലോകായുക്തയായിരുന്ന പയസ് കുര്യാക്കോസ് അധ്യക്ഷനായ ഫുൾ ബഞ്ച് പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും നേരത്തെ വ്യക്തമാക്കിയതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

English Summary: ‘Misuse’ of CM Disaster Relief Fund: Kerala Lokayukta refers case against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com