ADVERTISEMENT

തിരുവനന്തപുരം ∙ ലോകായുക്തയിലെത്തുന്ന കേസുകളുടെ എണ്ണം കുറയുന്നു. പ്രതിവർഷം ആയിരത്തിനു മുകളിൽ കേസുകളുണ്ടായിരുന്നത് കോവിഡിനുശേഷം നാനൂറിനു താഴെയായി കുറഞ്ഞു. 2016ൽ 1264 കേസുകളാണ് റജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 64 കേസുകൾ. 2016ൽ 1264, 2017ൽ 1673, 2018ൽ 1578, 2019ൽ 1057, 2020ൽ 205, 2021ൽ 227, 2022ൽ 305, 2023ൽ 64 (മാർച്ച് വരെ). 

സ്വജനപക്ഷപാതം, അഴിമതി, ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യൽ, പൊതുസേവകരുടെ ദുർഭരണം, അഴിമതിക്കോ സ്വാർഥ താൽപര്യത്തിനോ പദവിയുടെ ദുരുപയോഗം തുടങ്ങിയ പരാതികളിൽ അന്വേഷണത്തിന് ലോകായുക്തയ്ക്ക് അധികാരമുണ്ട്. വെള്ളപേപ്പറിൽ 150 രൂപയുടെ കോർട്ട്ഫീ സ്റ്റാംപ് ഒട്ടിച്ച് പരാതി നൽകാം. ലോകായുക്തയ്ക്ക് രേഖകൾ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കാം. അഭിഭാഷകനെ വയ്ക്കാൻ പണമില്ലാത്തവർക്ക് സ്വന്തമായും വാദിക്കാം. 

കോവിഡിനു ശേഷമാണ് കേസുകളുടെ എണ്ണം കുറഞ്ഞതെന്ന് അഭിഭാഷകർ പറയുന്നു. സർക്കാർ ലോകായുക്താ ഭേദഗതി ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കിയതും ജനങ്ങളെ ലോകായുക്തയിൽനിന്ന് അകറ്റിയതിന്റെ കാരണമായി. ഉപലോകായുക്തമാർക്ക് സ്വമേധയാ കേസെടുക്കാനുള്ള അധികാരം മുൻപുണ്ടായിരുന്നു. ഇതനുസരിച്ച് നിരവധി കേസുകൾ എടുത്തിട്ടുണ്ട്. ഉപലോകായുക്തയ്ക്ക് സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞതോടെ കേസെടുക്കാൻ കഴിയാതെയായി. 

ലോകായുക്ത നിലവിൽവന്നപ്പോൾ പഞ്ചായത്തിലെ ജനപ്രതിനിധികൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കാൻ കഴിയുമായിരുന്നു. ഓംബുഡ്സ്മാൻ വന്നതോടെ കേസുകൾ അങ്ങോട്ടു മാറ്റി. അവർക്ക് ശുപാർശ നൽകാൻ മാത്രമേ അധികാരമുള്ളൂ. മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കേസുകൾ ലോകായുക്തയുടെ പരിധിയിൽ വന്നിരുന്നെങ്കിൽ ജനങ്ങൾ കൂടുതൽ കേസുകളുമായി വരുമായിരുന്നെന്ന് നിയമവിദഗ്ധർ പറയുന്നു.

English Summary: Number of cases reaching the Lokayukta is decreasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com