ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്യപ്പെട്ടതുമായി കേസിലെ ലോകായുക്തയുടെ ഭിന്നവിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള വിധിയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന കാലത്തോളം അന്തിമ വിധിയുണ്ടാകാതിരിക്കാനാണ് ശ്രമം. അതല്ലെങ്കിൽ ഗവർണർ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കുന്നതു വരെ വിധി പറയാതെ നീട്ടിക്കൊണ്ടു പോകും. തികച്ചും നിയമവിരുദ്ധമായ ഈ വിധി ലോകായുക്തയുടെ വിശ്വാസ്യതയെ തകർക്കും. കെ.ടി.ജലീലിന്റെ ഭീഷണിയുടെ പൊരുൾ ഇപ്പോഴാണ് മനസ്സിലായതെന്നും വി.ഡി.സതീശൻ പറഞ്ഞു.

‘‘മുഴുവൻ വാദവും പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്തിനായിരുന്നു ഈ ഒരു വർഷത്തെ കാലതാമസം എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ കേസിൽ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വീണ്ടും ലോകായുക്തയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഇപ്പോഴും വിധി വരുമായിരുന്നില്ല. ഒരു കാലത്തും പുറത്തു വരാത്ത വിധിയായി ഇത് മാറുമായിരുന്നു.’ – സതീശൻ ചൂണ്ടിക്കാട്ടി.

‘‘വിധി വന്നു കഴിഞ്ഞപ്പോൾ എല്ലാവരെയും അദ്ഭുതപ്പെടുത്തിയത് ജഡ്ജിമാരുടെ ഭിന്നാഭിപ്രായമാണ്. ഈ കേസ് നിലനിൽക്കുമോ എന്ന സംശയത്തിലാണ് ഹർജി ഫുൾ ബെഞ്ചിന് വിടണമെന്ന് പറയുന്നത്. 2019ൽ അന്നത്തെ ലോകായുക്ത ജസ്റ്റിസ്  പയസ് കുര്യാക്കോസും രണ്ട് ഉപ ലോകായുക്തമാരും ഒരുമിച്ചിരുന്ന് ഇവിടെ പരിഗണിക്കാമെന്ന് തീരുമാനമെടുത്ത കേസാണിത്. 2019ൽ ഇത്തരത്തിൽ തീരുമാനമെടുത്ത കേസ് നാലു വർഷങ്ങൾക്കിപ്പുറം 2023ൽ ഫുൾബെഞ്ചിലേക്കു പോകണമെന്ന വിധി ഞങ്ങളെ വിസ്മയിപ്പിക്കുകയാണ്.’ – സതീശൻ പറഞ്ഞു.

‘‘2022 ഫെബ്രുവരി അഞ്ചു മുതൽ മാർച്ച് 18 വരെ ഈ കേസിന്റെ മെറിറ്റിലാണ് വാദങ്ങൾ നടന്നിട്ടുള്ളത്. ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തിട്ടുണ്ടോ എന്നതിൽ തെളിവുകൾ നിരത്തിയുള്ള വാദമാണ് നടന്നത്. അല്ലാതെ ഈ കേസ് നിലനിൽക്കുമോ എന്നതു സംബന്ധിച്ച വാദം 2022ൽ ഈ ലോകായുക്തയുടെ മുന്നിൽ നടന്നിട്ടില്ല. അതേക്കുറിച്ച് മൂന്നു ദിവസത്തെ വാദം അതിനും മുൻപാണ് നടന്നത്. അന്ന് ഫുൾബെഞ്ച് ലോകായുക്തയ്ക്ക് കേസ് പരിഗണിക്കാമെന്ന് തീരുമാനിച്ചതാണ്. എന്നിട്ടും ഒരു വർഷം കാത്തിരുന്നാണ് വിധി പറഞ്ഞത്. ആ വിധിയാകട്ടെ, ഹർജി വീണ്ടും ഫുൾ ബെഞ്ചിന് വിട്ടുകൊണ്ടും’ – സതീശൻ ചൂണ്ടിക്കാട്ടി.

‘‘ഇത് യഥാർഥത്തിൽ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് എന്നാണ് എനിക്കു പറയാനുള്ളത്. മുഖ്യമന്ത്രിയുടെ അറിവോടു കൂടി അന്ന് മന്ത്രിയായിരുന്ന കെ.ടി.ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ കേസിന്റെ വിധി വരാതിരിക്കാൻ വേണ്ടിയായിരുന്നു അത്. ഈ കേസിന്റെ വിധിയെ പേടിച്ചിട്ടാണ് ഭേദഗതി ബില്ലുമായി മുഖ്യമന്ത്രി നിയമസഭയിൽ വന്നത്. അത് ഗവർണർ ഒപ്പു വച്ചിട്ടില്ല. ഈ വിധിക്ക് രണ്ടു ലക്ഷ്യങ്ങളുണ്ട്. ഒന്നുകിൽ ഇത് അനന്തമായി നീണ്ടുപോകും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ മാറുന്നതുവരെ വിധി വരില്ല. അല്ലെങ്കിൽ കേരള ഗവർണറുമായി ഇക്കാര്യത്തിൽ ഏതുനിമിഷവും ഒരു ഒത്തുതീർപ്പുണ്ടാകാം. ഗവർണർ ലോകായുക്ത ബില്ലിൽ ഒപ്പുവച്ചാൽപ്പിന്നെ എന്തു വിധി വന്നാലും പേടിക്കേണ്ടതില്ലല്ലോ’ – സതീശൻ ചൂണ്ടിക്കാട്ടി.

‘‘ലോകായുക്തയുടെ പല്ലും നഖവും പൊഴിച്ചുകളയുന്ന ബില്ലാണിത്. ഈ വിഷയത്തിൽ ഉന്നത നീതിപീഠങ്ങൾ ഗൗരവത്തോടെ ഇടപെടണം. ലോകായുക്ത പോലുള്ള സംവിധാനത്തിൽ ജനത്തിനുള്ള വിശ്വാസം തകർക്കുന്ന വിധത്തിലാണ് ഈ വിധി വന്നത്. നീതിപീഠം ഇടപെട്ടേ മതിയാകൂ. ഫുൾ ബെഞ്ച് എടുത്ത തീരുമാനം നിലനിൽക്കെ ഈ ഹർജി വീണ്ടും ഫുൾ ബെഞ്ചിലേക്ക് വിട്ടത് തെറ്റായ തീരുമാനമാണ്. ലോകായുക്തയിൽ വരുന്ന കേസുകളുടെ എണ്ണം ഇപ്പോൾത്തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഒരു വർഷം വിധി പറയാൻ കാത്തിരിക്കേണ്ട യാതൊരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ല.’ – സതീശൻ പറഞ്ഞു. 

English Summary: VD Satheesan Takes A Dig At Lok Ayukta Verdict On CMDRF Scam Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com