ADVERTISEMENT

തിരുവനന്തപുരം ∙ കനത്ത നികുതികളും കടുത്ത സാമ്പത്തിക തകര്‍ച്ചയും ജനം നേരിടുമ്പോള്‍ 50 കോടിയിലധികം രൂപ ഖജനാവില്‍നിന്നു മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴ പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനാവില്‍നിന്ന് ഒരു രൂപ പോലും ചെലവഴിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

‘‘സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ജില്ലാതല മെഗാ എക്‌സിബിഷന് ജില്ലയ്ക്ക് 35 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവിറങ്ങി. ജില്ലകള്‍ക്കു മാത്രം 4.20 കോടി രൂപയാണ് പൊടിക്കുന്നത്. പിആര്‍ഡിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങള്‍ കൂടാതെ 44 പ്രധാന വകുപ്പുകള്‍, കോര്‍പറേഷനുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് തനത് ഫണ്ട് വിനിയോഗിച്ച് ആഘോഷം ഗംഭീരമാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്ന 4,263 കോടി രൂപയില്‍ നിന്നാണ് ആഘോഷത്തിനു പണം കണ്ടെത്തുന്നത്. കടത്തിനു മേല്‍ കടം കയറ്റിവച്ച് നിത്യനിദാന ചെലവുപോലും നടത്തുന്നതിനിടയിലാണ് ആഘോഷം പൊടി പൊടിക്കുന്നത്.

ക്ഷേമ പെന്‍ഷന്‍കാര്‍, കരാറുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നെല്‍കര്‍ഷകര്‍, റബര്‍ കര്‍ഷകര്‍, പാചകത്തൊഴിലാളികള്‍, വീല്‍ചെയര്‍ രോഗികള്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങള്‍ തങ്ങള്‍ക്കു ലഭിക്കേണ്ട പണത്തിനും ആനുകൂല്യങ്ങള്‍ക്കും സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴയുമ്പോഴാണ് കോടാനുകോടികള്‍ വൃഥാ കത്തിയമരുന്നത്. കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ‘ആശ്വാസം കിരണം’ പദ്ധതിയിലെ ധനസഹായം മുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള പ്രതിമാസ ധനസഹായം നവംബറിനുശേഷം വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ വിഹിതം കുടിശിക ആയതിനെ തുടര്‍ന്ന് കുട്ടികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാണ്.

രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നിൽക്കുമ്പോള്‍ 4,000 കോടി രൂപയുടെ ബജറ്റ് നികുതി നിര്‍ദേശങ്ങള്‍ നടപ്പില്‍ വന്നതോടെ ജനജീവിതം അങ്ങേയറ്റം ദുസ്സഹമായി. പെട്രോള്‍, ഡീസല്‍ വില വര്‍ധന സമസ്ത മേഖലകളിലും വില കൂട്ടി. മരുന്നുകള്‍ക്ക് 12 ശതമാനം വില കൂടി. വെള്ളക്കരം, പാചകവാതകം, വൈദ്യുതി, ബസ്‌ കൂലി തുടങ്ങിയ എല്ലാത്തിനും ലോകത്തിലില്ലാത്ത വിലയാണ്. വസ്തുനികുതി, ഭൂമി റജിസ്‌ട്രേഷന്‍, ഭൂമിയുടെ ന്യായവില തുടങ്ങിയവ കുതിച്ചു കയറി. ജീവിതഭാരം താങ്ങനാവാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുമ്പോള്‍, സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അതു പാര്‍ട്ടി ആസ്ഥാനത്ത് കെട്ടിവച്ചിരിക്കുന്ന പണം എടുത്തു മാത്രമേ ചെയ്യാവൂ’’– സുധാകരൻ പറഞ്ഞു.

English Summary: K Sudhakaran against Kerala Government Annual Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com