ADVERTISEMENT

മലപ്പുറം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂവെന്ന് കെ.ടി.ജലീൽ എംഎൽഎ. കടലോരത്ത് സൂനാമി ദുരന്തങ്ങൾക്ക് ഇരയായവർക്ക് വിതരണം ചെയ്യേണ്ട സൂനാമി ഫണ്ട്, ഒരു ‘പുഴ’ പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നുവെന്നും ജലീൽ സമൂഹമാധ്യത്തിലെഴുതിയ കുറിപ്പിൽ ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. യുഡിഎഫും എൽഡിഎഫും ബിജെപിയും നോക്കിയല്ല സിഎംഡിആർഎഫിൽനിന്ന് പണം അനുവദിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എംഎൽഎയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലയ്ക്ക് ചികിത്സക്കായി 20 ലക്ഷം അനുവദിച്ചത്.

കടലോരത്ത് സൂനാമി ദുരന്തങ്ങൾക്ക് ഇരയായവർക്കു വിതരണം ചെയ്യേണ്ട സൂനാമി ഫണ്ട് ഒരു "പുഴ" പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി കോടികൾ വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു? തിരഞ്ഞെടുപ്പ് ലാക്കാക്കി പുതുപ്പള്ളിക്കാർക്ക് യഥേഷ്ടം പണം കൊടുത്തത് അന്നത്തെ യുഡിഎഫ് മുഖ്യമന്ത്രിയുടെ തറവാട്ടിൽ നിന്നെടുത്തിട്ടല്ല. ജനങ്ങളിൽനിന്ന് ശേഖരിച്ച സൂനാമി ഫണ്ടിൽ നിന്നാണെന്നോർക്കണം.

സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ മരണത്തെ തുടർന്ന് മകൻ ഡോ: എം.കെ.മുനീറിനെ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലേക്കു തുടർ പഠനത്തിനു സൗകര്യമൊരുക്കി കൊണ്ടുവന്നതും പഠനം തീരുന്നതുവരെ പോക്കറ്റ് മണി നൽകിയതും സിഎച്ചിന്റെ ഭാര്യയ്ക്കു പെൻഷൻ നൽകിയതും അന്നത്തെ യുഡിഎഫ് മുഖ്യമന്ത്രിയുടെ വീട്ടിൽനിന്നെടുത്തിട്ടല്ല. എല്ലാം ഏതു സർക്കാരിന്റെ കാലത്താണെങ്കിലും പൊതു ഖജനാവിൽനിന്നാണ് അനുവദിച്ചത്.

ഭാവിയിലും അങ്ങനെത്തന്നെയാകും. അന്നൊന്നുമില്ലാത്ത "ചൊറിച്ചിൽ" രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതങ്ങ് സഹിച്ചേര്. ഞങ്ങൾക്കു വേറെ പണിയുണ്ട്. ''പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല"

English Summary: KT Jaleel on CMDRF fund distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com