ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരേസമയം നടന്ന രണ്ടു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിക്കും (48), മയ്യനാട് സ്വദേശിക്കുമാണ് (54) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. വാഹനാപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങളാണ് ദാനം നല്‍കിയത്. രാത്രിയില്‍ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി 2 ശസ്ത്രക്രിയകളും വിജയകരമാക്കിയ മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പൂര്‍ണ ഗര്‍ഭിണിയായിട്ടും തീവ്രദുഃഖത്തിനിടയിലും അവയവദാനത്തിനായി മുന്നോട്ടുവന്ന ശരത്കൃഷ്ണന്റെ ഭാര്യ അര്‍ച്ചനയെ മന്ത്രി നന്ദിയറിയിച്ചു.

ഈ മാസം ഏഴിനാണ് തമിഴ്‌നാട് കോവില്‍പ്പെട്ടിയില്‍ വച്ച് വാഹനാപകടത്തിൽ ശരത്കൃഷ്ണന് ഗുരുതരമായി പരുക്കേറ്റത്. അവിടത്തെ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സ നല്‍കി. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് അവയവദാനത്തിന് ഭാര്യ തയാറാവുകയായിരുന്നു. രണ്ടു വൃക്കകകളും, കണ്ണുകളുമാണ് ദാനം നല്‍കിയത്. അനുയോജ്യരായ മറ്റു രോഗികള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമില്ലാത്തതിനാല്‍ മറ്റവയവങ്ങള്‍ എടുക്കാനായില്ല. കെ.സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.

എബി പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ ചികിത്സയിലുള്ളതിനാലാണ് രണ്ടു വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ലഭിച്ചത്. രണ്ട് സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒരുമിച്ച് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ വളരെപ്പെട്ടെന്ന് മെഡിക്കല്‍ കോളജില്‍ നടത്തിയാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റുള്ളവര്‍ തുടങ്ങി 50ഓളം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ഈ ശസ്ത്രക്രിയകള്‍. ഇന്നു അതിരാവിലെ 4 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയകള്‍ 6 മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്.

32 വയസ്സുകാരനായ ശരത്, ബാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപറേറ്റീവ് സൊസൈറ്റി തിരുവനന്തപുരം ബ്രാഞ്ച് മാനേജരായിരുന്നു. വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ശരത്തിനെ രക്ഷിക്കാൻ കഴിയാതെ പോയി എന്നും ചികിത്സാ ചെലവ് പൂർണമായും ബിഎൽഎം ഏറ്റെടുത്തതായും പൂർണ ഗർഭിണിയായ ഭാര്യയ്ക്ക് ശരത്തിന്റെ ശമ്പളം മുടങ്ങാതെ നൽകുമെന്നും, പ്രസവശേഷം നല്ല പോസ്റ്റിൽ ജോലി നൽകുമെന്നും ബിഎൽഎം സിഎംഡി ആർ.പ്രേംകുമാർ അറിയിച്ചു.

2022 ഫ്രെബ്രുവരിയിലായിരുന്നു മലയിൻകീഴ് സ്വദേശിയായ അർച്ചനയുമായുള്ള ശരത്തിന്റെ വിവാഹം. രാധാകൃഷ്ണൻ നായർ, ലീലാദേവി എന്നിവർ മാതാപിതാക്കളാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

English Summary: Organ Transplantation at Thiruvananthapuram Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com