ജിമ്മിലെത്തുന്ന യുവതിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ്; ബോളിവുഡ് നടനെതിരെ കേസ്

Mail This Article
മുംബൈ ∙ ജിമ്മിലെത്തുന്ന യുവതിക്കെതിരെ സമൂഹമാധ്യങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകളിട്ട ബോളിവുഡ് നടൻ സഹിൽ ഖാനെതിരെ കേസെടുത്തു. നടനൊപ്പം ഒരു സ്ത്രീക്കെതിരെയും മുംബൈ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഷിവാര സ്വദേശിയായ 43കാരിയെയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചത്. സ്‌റ്റൈൽ, എക്‌സ്‌ക്യൂസ് മി, അലാഡിൻ, രാമ– ദി സേവിയർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് സഹിൽ ഖാൻ.
2023 ഫെബ്രുവരിയിൽ പണത്തെച്ചൊല്ലി ജിമ്മിൽവച്ച് കുറ്റാരോപിതയായ സ്ത്രീയുമായി തർക്കത്തിലേർപ്പെട്ടു. പിന്നീട് സ്ത്രീയും നടനും ചേർന്ന് തന്റെ കുടുംബത്തെയും തന്നെയും അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു. അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീയെ അപമാനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് നടനെതിരെ ഒഷിവാര പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ആരോപണവിധേയയായ യുവതിക്ക് പരാതിക്കാരിയുടെ ഭർത്താവുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പരാതിക്കാരിയുടെ ഭർത്താവിനെതിരെ യുവതി മുൻപ് പരാതി നൽകിയിരുന്നതായും പൊലീസ് അറിയിച്ചു.
English Summary: Police Case Against Bollywood Actor For Threatening Woman At Mumbai Gym