ADVERTISEMENT

കഠ്മണ്ഡു∙ നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കു പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീപിടിച്ചു. 150ഓളം യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിലെ എൻജിനിലാണ്, ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തീ കണ്ടത്. എഞ്ചിനിൽ പക്ഷി ഇടിച്ചതിനെതുടർന്നാണ് ഈ സാഹചര്യമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനായി സജ്ജീകരണങ്ങൾ ചെയ്തെങ്കിലും, അതിനിടെ തന്നെ പ്രശ്നം പരിഹരിച്ചതോടെ വിമാനം ദുബായിലേക്കു തന്നെ പറന്നു. പ്രാദേശിക സമയം രാത്രി 12.11 ന് വിമാനം സുരക്ഷിതമായി ദുബായിൽ ലാൻഡ് ചെയ്തതായി ഫ്ലൈ ദുബായ് അധികൃതരെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫിസ് സ്ഥിരീകരിച്ചു.

കഠ്മണ്ഡുവിൽ നിന്ന് ദുബായിലേക്ക് പോകാനായി പറന്നുയർന്ന വിമാനത്തിന്റെ ഒരു എൻജിനിലാണ് തീ കണ്ടത്. ഉടൻ തന്നെ അടിയന്തര ലാൻഡിങ്ങിനായി വിമാനത്താവളത്തിൽ അറിയിപ്പു നൽകിയെങ്കിലും, അതിനു മുൻപേ പ്രശ്നം പരിഹരിച്ചു. തീപിടിച്ച എൻജിൻ ഉടൻ ഓഫ് ചെയ്തതോടെ തീ അണഞ്ഞതായി അധികൃതർ അറിയിച്ചു. അപകടമില്ലെന്ന് ഉറപ്പാക്കിയ ശേഷം അടിയന്തര ലാൻഡിങ് കൂടാതെ തന്നെ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു.

‘‘പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആ എൻജിൻ അൽപസമയത്തേക്ക് ഓഫ് ചെയ്തിരുന്നു. എന്തായാലും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. കഠ്മണ്ഡു വിമാനത്താവളത്തിൽ ഇറക്കാതെ തന്നെ വിമാനം ദുബായിലേക്ക് പറന്നു’ – നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടർ പിന്നാലെ വ്യക്തമാക്കി.

രാത്രി 9.25നാണ് വിമാനത്തിന് തീപിടിച്ചതായി വിവരം ലഭിച്ചത്. വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ച ദൃശ്യം ഒട്ടേറെയാളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നേപ്പാൾ വ്യോമയാന മന്ത്രി സുദൻ കിരാതിയും ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

വിമാനത്തിന് തീപിടിച്ച വിവരമറിഞ്ഞ് സർവീസുകൾ നിർത്തിവച്ച ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം പുനരാരംഭിച്ചതായി വിമാനത്താവളത്തിന്റെ ജനറൽ മാനേജർ പ്രതാപ് ബാബു തിവാരി അറിയിച്ചു.

English Summary: Fly Dubai Plane's Engine Catches Fire After Taking Off From Nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com