ന്യൂഡൽഹി∙ ‘ഇത് നിങ്ങളുടെ കേരളത്തിന്റെ കഥയാകാം; പക്ഷേ ഞങ്ങളുടെ കേരളത്തിന്റെ കഥ ഇതല്ല– എന്ന വാചകം പങ്കുവച്ച ‘ദ് കേരളാ സ്റ്റോറി’ക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച് ശശി തരൂർ എംപി. ട്വിറ്ററിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചായിരുന്നു തരൂരിന്റെ വിമർശനം. ദ് കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതിനു പിന്നാലെ ചിത്രത്തെ അനുകൂലിച്ചും എതിർത്തും നിരവധി ചർച്ചകളാണ് നടക്കുന്നത്. കേരളത്തിൽ നിന്ന് മതം മാറ്റി 32,000 സ്ത്രീകളെ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർത്തെന്ന ആരോപണമാണ് ചിത്രം പങ്കുവയ്‌ക്കുന്നത്.
ഈ സിനിമ നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ ആവിഷ്‌കാര സ്വാതന്ത്ര്യം വിലയില്ലാത്തതായി തീരുന്നില്ല. എന്നാൽ ഇതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറക്കെ പറയാൻ കേരളീയർക്ക് എല്ലാ അവകാശവുമുണ്ട്.’ – തരൂർ ട്വിറ്ററിൽ കുറിച്ചു.
ചിത്രം ബഹിഷ്‌കരിക്കണമെന്നും പ്രദർശിപ്പിക്കുന്നത് തടയണമെന്നും നിരവധി കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം മേയ് അഞ്ചിന് തീയറ്ററുകളിലെത്തും. വിപുൽ അമൃതലാൽ ഷാ ആണ് ചിത്രം നിർമിച്ചത്.
English Summary: Congress Leader Shashi Tharoor Slams Film