പാരമ്പര്യങ്ങൾ പരിഷ്കരിച്ച് ചാൾസ് മൂന്നാമൻ രാജാവ്: കിരീടധാരണം ശനിയാഴ്ച

HIGHLIGHTS
  •  പുലർച്ചെ ആറു മുതൽ ഉച്ചയ്ക്ക് 2.30 വരെ നീളുന്ന ആഘോഷചടങ്ങുകൾ
King Charles III
ചാൾസ് മൂന്നാമൻ രാജാവ് (ഫയൽ ചിത്രം)
SHARE

ലണ്ടൻ∙ പാരമ്പര്യങ്ങൾ പലതും തിരുത്തി കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയാണ് ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം. രാവിലെ ആറുമുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ നീളുന്ന കിരീടധാരണ ചടങ്ങുകളുടെയും പരേഡിന്റെയും മറ്റ് ആഘോഷങ്ങളുടെയും വിശദാംശങ്ങളും സമയക്രമവുമെല്ലാം ബക്കിങ്ങാം കൊട്ടാരം പുറത്തുവിട്ടു. 

നാൽപതാമത്തെ കിരീടധാരണം 

1066 മുതലുള്ള രാജകുടുംബത്തിന്റെ ചരിത്രത്തിലെ നാൽപതാമത്തെ കിരീടധാരണമാണു ശനിയാഴ്ച നടക്കുക. എഴുപതു വർഷങ്ങൾക്കു മുമ്പ് 1953 ജൂൺ രണ്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. നിലവിൽ ജീവിച്ചിരിക്കുന്നവരിൽ ചെറിയൊരു ജനവിഭാഗമേ ഇതിനു മുമ്പ് ബ്രിട്ടനിലെ കിരീടധാരണം കണ്ടിട്ടുള്ളൂ എന്നു ചുരുക്കം. അതുകൊണ്ടുതന്നെ പാരമ്പര്യങ്ങളും പഴമയും ആചാരങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന കിരീടധാരണം ഒട്ടേറെ കൗതുക കാഴ്ചകളാകും ലോകത്തിനു സമ്മാനിക്കുക. 

King Charles Queen Camilla Photo: Facebook /TheBritishMonarchy
ചാൾസ് രാജാവും പത്നി കാമിലയും. Photo: Facebook /TheBritishMonarchy

രാവിലെ ആറിനു റോയൽ പരേഡിനുള്ള ഒരുക്കങ്ങൾ ബക്കിങ്ങാം കൊട്ടാരത്തിൽ ആരംഭിക്കും. രാവിലെ മുതൽ തന്നെ പരേഡ് കാണാനുള്ളവർ രാജവിഥിയുടെ ഇരുവശവും സ്ഥാനം പിടിക്കും. ആദ്യം എത്തുന്നവർക്ക് അവസരം എന്നതാകും ഇതിന്റെ മാനദണ്ഡം. മറ്റുള്ളവരെ പബ്ലിക് സ്ക്രീനിങ് സജ്ജമാക്കിയിട്ടുള്ള ഹൈഡ് പാർക്ക്, ഗ്രീൻ പാർക്ക്, സെന്റ് ജെയിംസ് പാർക്ക് എന്നിവിടങ്ങളിലേക്ക‌ു തിരിച്ചുവിടും. 

മുൻകാലങ്ങളിൽനിന്നു വിഭിന്നമായി റോയൽ ഗാർഡ്സും സായുധസേനാംഗങ്ങളും അടങ്ങുന്ന ഇരുന്നൂറിൽ താഴെയുള്ള സംഘമാകും പരേഡിൽ രാജാവിന് അകമ്പടി സേവിക്കുക. എന്നാൽ ആയിരത്തിലധികം സായുധ സേനാംഗങ്ങളെ പരേഡ് കടന്നുപോകുന്ന വഴിയിൽ വിന്യസിക്കും. മറ്റു രാജകുടുംബാംഗങ്ങളും കോമൺവെൽത്ത് രാജ്യങ്ങളിലെ നേതാക്കളും രാജാവിനൊപ്പം പരേഡിന്റെ ഭാഗമാകും. 

10.20നാകും പരേഡ് കൊട്ടാറത്തിൽനിന്നു പുറപ്പെടുക. ട്രഫാൾഗർ സ്ക്വയർ, വൈറ്റ്ഹാൾ, പാർലമെന്റ് സ്ക്വയർ എന്നിവിടങ്ങളിലൂടെ എത്തി വെസ്റ്റ്മിൻസ്റ്റർ ആബിയുടെ പടിഞ്ഞാറേ വാതിലിലൂടെയാകും (ദ ഗ്രേറ്റ് വെസ്റ്റ് ഡോർ) പ്രദക്ഷിണം അകത്ത് പ്രവേശിക്കുക. 

king-charles-III-image-5
സിംഹാസനത്തിലേക്ക്: ബ്രിട്ടനിലെ പുതിയ രാജാവായ ചാൾസ് മൂന്നാമൻ ലണ്ടനിലെ സെന്റ് ജയിംസ് പാലസിൽ നടന്ന ഔദ്യോഗിക പ്രഖ്യാപനച്ചടങ്ങിൽ പ്രസംഗിക്കുന്നു. മകനും പുതിയ കിരീടാവകാശിയുമായ വില്യം രാജകുമാരൻ, രാജപത്നി കാമില എന്നിവർ സമീപം.

സ്വർണരഥത്തിനു പകരം ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച് 

പതിവിനു വിരുദ്ധമായി പരമ്പരാഗത സ്വർണ രഥത്തിനു പകരം (ഗോൾഡ് സ്റ്റേറ്റ് കോച്ച്) ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ചിലാകും രാജാവിന്റെയും രാജപത്നി കാമിലയുടെയും ആബിയിലേക്കുള്ള വരവ്. എലിസബത്ത് രാജ്ഞി രാജപദവിയിൽ 60 വർഷം പൂർത്തിയാക്കിയ വേളയിൽ (ഡയമണ്ട് ജൂബിലി) 2012ൽ ഓസ്ട്രേലിയയിൽ നിർമിച്ചതാണ് ഈ രാജരഥം. ആബിയിലേക്ക് എത്തുന്നത് ഇതിലാണെങ്കിലും കിരീടധാരണത്തിനുശേഷം രാജാവും രാജ്ഞിയും കൊട്ടാരത്തിലേക്കു മടങ്ങുന്നത് ഗോൾഡ് സ്റ്റേറ്റ് കോച്ചിൽ തന്നെയാകും. 

11 മണിക്കു തൊട്ടുമുമ്പ് പരേഡ് ആബിയിൽ പ്രവേശിക്കും. നീണ്ട കാലുറകളും സിൽക്ക് സ്റ്റോക്കിങ്സും നിറഞ്ഞ പരമ്പരാഗത വസ്ത്രം ഉപേക്ഷിച്ച് സൈനിക യൂണിഫോമിലാകും ചാൾസ് രാജാവ് കിരീടധാരണത്തിന് എത്തുക. സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിലും സൈനിക യൂണിഫോമിലായിരുന്നു ചാൾസ് മുഴുനീളെ പങ്കെടത്തത്. 

ആബിക്കുള്ളിലെ പ്രദക്ഷിണത്തിൽ രാജാവിനൊപ്പം വിവിധ മതമേലധ്യക്ഷന്മാരും പ്രധാനമന്ത്രി ഋഷി സുനകും പാർലമെന്റ് സ്പീക്കറും കോമൺവെൽത് രാജ്യങ്ങളെ പ്രതിനീധികരിച്ച് എത്തുന്നവരും അണിനിരക്കും. അതതു രാജ്യങ്ങളുടെ പതാകയേന്തിയാകും കോമൺവെൽത് പ്രതിനിധികൾ ഇതിൽ അണിചേരുക. 

കൃത്യം 11ന് തന്നെ ചടങ്ങുകൾ ആരംഭിക്കും. രാജാവുതന്നെ തിരഞ്ഞെടുത്ത ഗാനങ്ങൾ ഉൾപ്പെടുത്തിയാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. ആംഗ്ലിക്കൻ സഭയുടെ ആത്മീയ ആചാര്യനായ കാന്റർബറി ആർച്ചുബിഷപ് റവ. ഡോ. ജസ്റ്റിൻ വെൽബിയാകും മുഖ്യ കാർമികൻ. സഹകാർമികയായുള്ള ആംഗ്ലിക്കൻ സഭയിലെ വനിതാ ബിഷപ് റൈറ്റ് റവ.ഗുലി ഫ്രാൻസിസ് ദെഹ്ക്വാനിയുടെ സാന്നിധ്യം പുതിയ ചരിത്രമാകും. 

മൂന്നാം കിരീടാവകാശിയായ ചാൾസിന്റെ കൊച്ചുമകൻ പ്രിൻസ് ജോർജ്, കാമിലയുടെ കൊച്ചുമക്കൾ എന്നിവരാകും സോവറിൻ ഓർബ്, അംശവടി തുടങ്ങിയ സ്ഥാനചിഹ്നങ്ങൾ അൾത്താരയിലേക്കു പ്രദക്ഷിണമായി എത്തിക്കുക.  

അധികാരത്തിന്റെ അടയാളങ്ങളായ കുരിശു പതിപ്പിച്ച്, രത്നങ്ങളാൽ അലങ്കരിച്ച അംശവടിയും വജ്രമോതിരവും ചടങ്ങിൽ ആർച്ച്ബിഷപ് രാജാവിനു കൈമാറും. സോവറിൻസ് ഓർബ് എന്നറിയപ്പെടുന്ന കുരിശുപതിപ്പിച്ച ഗോളമാണ് ഇതിലെ പ്രധാനപ്പെട്ട സ്ഥാനചിഹ്നം. രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവത്തിൽനിന്നുള്ളതാകുന്നു എന്ന് ഓർമിപ്പിക്കാനുള്ളതാണിത്. ഇതിലും നിറയെ അമൂല്യരത്നങ്ങളാണ്. 

അധികാരത്തിന്റെ രാജദണ്ഡുകളിലൊന്ന് കാമിലയ്ക്കും ലഭിക്കും. 

ചടങ്ങിൽ പങ്കെടുക്കുന്നവരും വീക്ഷിക്കുന്നവരുമെല്ലാം രാജാവിനോടു വിധേയത്വം പ്രഖ്യാപിക്കുന്ന ‘കോറസ് ഓഫ് മില്യൺസ്’ എന്ന ആശയമാണ് പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള മാറ്റങ്ങളിൽ ഒന്ന്. ഇതിന്റെ ഭാഗമായി മറ്റു ക്രൈസ്തവവിഭാഗങ്ങളെയും ഹിന്ദു, മുസ്‍‌ലിം, ജൂത, സിഖ് മതങ്ങളെയും പ്രതിനീധീകരിച്ച് എത്തുന്നവർക്കു ചടങ്ങിൽ പ്രത്യേക പ്രാധാന്യം നൽകും. 

draupadi-murmu-king-charles-iii
എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തുന്നു. Image. Twitter/@HCI_London

സെന്റ് എഡ്വേഡ്സ് ചെയർ 

700 വർഷം പഴക്കമുള്ള സെന്റ് എഡ്വേഡ് ചെയറാണ് കിരീടധാരണത്തിനായി ഉപയോഗിക്കുക. ഓക്ക് തടയിൽ നിർമിച്ചതാണിത്. 1300ൽ നിർമിച്ച ഈ സിംഹാസനം ബ്രിട്ടനിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന ഗൃഹോപകരണങ്ങളിൽ ഒന്നാണ്. 26 പേർ ഈ സിംഹാസനത്തിൽ ഇതുവരെ രാജപദവിയിൽ വാഴിക്കപ്പെട്ടിട്ടുണ്ട്. ആബിയുടെ മധ്യത്തിലെ മൊസൈക് ഫ്ലോറിലാണ്  (കോസ്മാറ്റി പേവ്മെന്റ്) ചടങ്ങിൽ സെന്റ് എഡ്വേഡ് ചെയറിന്റെ സ്ഥാനം. 

ഇംഗ്ലണ്ടിന്റെ വിശ്വാസവും നിയമവും സംരംക്ഷിക്കുമെന്ന പ്രതിജ്ഞയാണു ചടങ്ങിലെ മറ്റൊരു പ്രധാന ഭാഗം. ആർച്ച്ബിഷപ്പാണ് ഈ സത്യവാചകങ്ങൾ ചൊല്ലിക്കൊടുക്കുന്നത്. ബൈബിളിൽ കൈവച്ചാണ് ഈ പ്രതിജ്ഞ. 

UK-ROYAL FAMILY-PRINCE CHARLES-EQUITATION-LEASURE
ചാൾസ് രാജാവും സഹോദരി ആനും കുതിരയോട്ടത്തിനിടെ. ഫയൽ ചിത്രം: CENTRAL PRESS / AFP

പ്രതിജ്ഞയ്ക്കുശേഷം രാജാവിനെ സെന്റ് എഡ്വേഡ് ചെയറിലിരുത്തി തൈലാഭിഷേകം നടത്തും. തലയിലും നെഞ്ചിലും കൈകളിലും കുരിശടയാളത്തിൽ വിശുദ്ധതൈലം പൂശിയാണ് അഭിഷേകം. സ്വർണത്തിൽ തീർത്ത ആംപ്യൂളിലാണ് ഈ തൈലം സൂക്ഷിക്കുക. തൈലം പൂശുന്നതും സ്വർണത്തിൽ തീർത്ത കൊറോണേഷൻ സ്പൂൺകൊണ്ടാണ്. രാജ്ഞിയെയും ചടങ്ങിൽ തൈലം പൂശും. 

ജറുസലമിലെ തിരുക്കല്ലറയുടെ പള്ളിയിലായിരുന്നു ഈ തൈലത്തിന്റെ പവിത്രീകരണം. ചാൾസ് രാജാവിന്റെ മുത്തശ്ശി ഗ്രീസിലെ ആലീസ് രാജകുമാരിയെ സംസ്കരിച്ച മൗണ്ട് ഓഫ് ഓലീവ്സിലെ ആശ്രമത്തിന്റെ ഒലിവ് തോട്ടങ്ങളിൽനിന്നു ശേഖരിച്ച ഒലിവിൽനിന്ന് എണ്ണയെടുത്തു സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് ഈ തൈലം തയാറാക്കിയത്. കീരീടധാരണത്തിലെ ഏറ്റവും പവിത്രവും സുപ്രധാനവുമായ ചടങ്ങാണ് തൈലാഭിഷേകം. 

അണിയിക്കുന്നത് സെന്റ് എഡ്വേഡ്സ് കിരീടം 

തൈലാഭിഷേകത്തിനുംശേഷമാണ് രാജാവിനെ കീരീടം അണിയിക്കുക. 1661ൽ നിർമിച്ച സെന്റ് എഡ്വേഡ്സ് കീരീടമാണ് രാജാവിനെ അണിയിക്കുക. വിലമതിക്കാനാകാത്ത വർണരത്നങ്ങൾ തുന്നിച്ചേർത്ത ഈ കീരീടത്തിന് രണ്ടു കിലോയാണു ഭാരം. കീരീടധാരണചടങ്ങിൽ മാത്രമാണ് ഈ കിരീടം അണിയുക. 1953ലായിരുന്നു ഇത് അവസാനമായി ഉപയോഗിച്ചത്. 360 വർഷത്തിനുള്ളിൽ ഇതണിഞ്ഞ് രാജാവാകുന്ന ഏഴാമത്തെ രജകുടുംബാംഗമാണ് ചാൾസ് മൂന്നാമൻ. 

കീരീടമണിയിക്കുന്ന രാജാവിനെ സ്വർണനിറത്തിലുള്ള ഷാളും അണിയിക്കും. ഇതിനുശേഷമാകും രത്നങ്ങളാൽ അലങ്കരിച്ച  അംശവടിയും വജ്രമോതിരവും രാജാവിനു കൈമാറുക. സോവറിൻസ് ഓർബ് എന്നറിയപ്പെടുന്ന കുരിശുപതിപ്പിച്ച ഗോളവും ദൈവവിശ്വാസത്തിന്റെ പ്രതീകമായി സമർപ്പിക്കും. 

രാജകിരീടം അണിയിക്കുന്ന ചടങ്ങ് പൂർത്തിയാകുന്നതോടെ ആബിയിൽ മണിനാദവും ട്രംപറ്റും മുഴങ്ങും. തുടർന്ന് ‘ഗോഡ് സേവ് ദ കിങ്’ എന്ന ദേശീയഗാനത്തോടെ ചടങ്ങുകൾക്കു സമാപനമാകും. അപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൺ സല്യൂട്ടുമുണ്ടാകും. ടവർ ഓഫ് ലണ്ടനിൽ 62 ആചാരവെടികൾ മുഴങ്ങും. ഇതിനു പുറമേ 11 ഇടങ്ങളിലാണ് സമാനമായ ഗൺസല്യൂട്ട്. 

കാമിലയ്ക്കു ലഭിക്കുന്നത് ക്യൂൻ മേരിയുടെ കിരീടം 

ചടങ്ങിന്റെ അവസാനഘട്ടമായി ആർച്ച്ബിഷപ്പും രാജകുടുംബാംഗങ്ങളും രാജാവിനു മുന്നിൽ വണങ്ങി വലതുകരം മുത്തി വിധേയത്വം പ്രഖ്യാപിക്കും. രാജകുടുംബത്തെ പ്രതിനീധികരിച്ച് ഒന്നാം കിരീടാവകാശിയായ വില്യം രാജകുമാരൻ മാത്രമാകും ഇതു ചെയ്യുക. 

രാജാവിനെ എഡ്വേഡ് കിരീടം അണിയിക്കുന്നതുപോലെ രാജ്ഞിയായി മാറുന്ന കാമിലയ്ക്കു ലഭിക്കുക ക്യൂൻ മേരിയുടെ കിരീടമാണ്. ഈ കിരീടത്തിലായിരുന്നു ഇന്ത്യയിൽനിന്നുള്ള കോഹിനൂർ രത്നം പതിച്ചിരുന്നത്. എന്നാൽ ഇത്തവണ കോഹിനൂർ മാറ്റി പകരം കള്ളിനനൻ രത്നങ്ങൾകൊണ്ട് അലങ്കരിച്ചാണ് ഇത് ഉപയോഗിക്കുക. രാജാവും രാജ്ഞിയും വിശുദ്ധ കുർബാന സ്വീകരിക്കുന്നതോടെ ആബിയിലെ ചടങ്ങുകൾ അവസാനിക്കും.

charles-king

പിന്നീട് ആബിയിൽനിന്ന് സമീപത്തെ സെന്റ് എഡ്വേഡ്സ് ചാപ്പലിൽ എത്തുന്ന രാജാവും രാജ്ഞിയും അവിടെനിന്നു വീണ്ടും പരേഡിന്റെ അകമ്പടിയോടെ ബക്കിങ്ങാം കൊട്ടാരത്തിലേക്കു തിരിക്കും. സെന്റ് എഡ്വേഡ്സ് കിരീടത്തിനു പകരം ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ അണിഞ്ഞാകും ബക്കിങ്ങാം കൊട്ടാരത്തിലേക്കുള്ള രാജാവിന്റെ തിരിച്ചുവരവ്.  

കൊട്ടാരത്തിൽ രാജാവിനെ സേനാധിപന്മാർ റോയൽ സല്യൂട്ട് നൽകി സ്വീകരിക്കും. തുടർന്ന് വ്യേമസേനാവിമാനങ്ങളുടെ ഫ്ലൈ പാസ്റ്റ് പരേഡും നടക്കും. ഫ്ലൈ പാസ്റ്റ് വീക്ഷിക്കാനായി രാജകുടുംബാംഗങ്ങൾ പാലസിന്റെ ബാൽക്കണിയിലെത്തും. ഉച്ചയ്ക്ക് മൂന്നു മണിയോടെ ചടങ്ങുകൾ അവസാനിക്കും. 

തിങ്കളാഴ്ച പൊതു അവധി 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ട്രീറ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ഒരുക്കിയാണ് ബ്രിട്ടിഷ് ജനത കിരീടധാരണത്തെ വൻ ആഘോഷമാക്കുന്നത്. ആഘോങ്ങൾ മോടിയാക്കാൻ തിങ്കളാഴ്ച രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary:King Charles III's Coronation Schedule 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

കല്യാണ തേൻനിലാ...

MORE VIDEOS