ഏഴു ദശാബ്ദം – മറ്റേതൊരു ബ്രിട്ടിഷ് കിരീടാവകാശിയേക്കാളും കൂടുതൽ കാലം കാത്തിരുന്നാണ് ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവാകുന്നത്. ആയിരം വർഷത്തിലധികമായി അധികാരത്തിലിരിക്കുന്ന ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി എഴുപത്തിനാലുകാരനായ ചാൾസ് സ്ഥാനാഭിഷിക്തനാകുന്ന ചടങ്ങിനു പ്രത്യേകതകളും ഏറെ. 70 വർഷം ബ്രിട്ടനെ നയിച്ച എലിസബത്ത് രാജ്ഞി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അന്തരിച്ചതോടെയാണ് ചാൾസിന് രാജപദവി ലഭിക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ മകൻ ഹാരിയുടെ ഭാര്യ മേഗന്‍ ഇല്ലാതെ, ഉറ്റബന്ധുക്കളും സുഹൃത്തുക്കളും ലോക രാഷ്ട്രങ്ങളിലെ നേതാക്കളും ഉൾപ്പെടെ 2,800 അതിഥികളുടെ സാന്നിധ്യത്തിലാണ് ചാൾസിന്റെ കിരീടധാരണം. പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്ന ചാൾസ്, രാജവംശത്തിന്റെ ഭാവിക്കായി മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷ പലരും പങ്കുവയ്ക്കുന്നു. അമ്മയുടെ ജനപ്രീതി നേടിയെടുക്കാനായിട്ടില്ലെങ്കിലും കഴിഞ്ഞയാഴ്ച പുറത്തുവന്ന ജനാഭിപ്രായ സർവേയിൽ മുൻപുണ്ടായതിലും കൂടുതൽ പേർ പുതിയ രാജാവിന് അനുകൂല നിലപാടെടുത്തതായി കാണാം.

∙ കിരീടധാരണച്ചടങ്ങ് എന്തിന്?; എന്തെല്ലാം പ്രത്യേകതകൾ?
എലിസബത്ത് രാജ്ഞി അന്തരിച്ചതിനു പിന്നാലെ തന്നെ ചാൾസ് മൂന്നാമൻ രാജാവായി ചുമതലയേറ്റിരുന്നു. യുണൈറ്റഡ് കിങ്ഡത്തിന്റെയും മറ്റ് 14 മേഖലകളുടെയും ഭരണാധിപനായി തത്വത്തിൽ അദ്ദേഹം മാറി. എന്നാൽ ആയിരം വർഷത്തിലധികം ചരിത്രമുള്ള രാജവംശത്തിന്റെ എല്ലാ പ്രൗഢിയോടെയും പ്രതാപത്തോടെയും ഔദ്യോഗികമായുള്ള സ്ഥാനമേൽക്കലാണ് കിരീടധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടത്തുന്ന കിരീടധാരണ ചടങ്ങിലൂടെ ഇതിനകം 38 പേരാണ് ബ്രിട്ടന്റെ സിംഹാസനത്തിലിരുന്നത്.

കിരീടധാരണം പ്രൗഢമായ, മതപരമായ ഒരു ചടങ്ങാണ്. ബക്കിങ്ങാം കൊട്ടാരത്തിൽനിന്നുള്ള ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്കു തുടക്കമാകുക. ഘോഷയാത്ര വെസ്റ്റ്മിൻസ്റ്റർ ആബിയിലെത്തുന്നതോടെ ഔദ്യോഗികമായി ചടങ്ങ് ആരംഭിക്കും. നിയമത്തെയും ചർച്ച് ഓഫ് ഇംഗ്ലണ്ടിനെയും ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ ചാൾസ് ചൊല്ലും. പിന്നാലെ എഡ്വേർഡ് രാജാവിന്റെ കസേരയെന്ന് അറിയപ്പെടുന്ന സ്റ്റോൺ ഓഫ് ഡെസ്റ്റിനിയെന്ന സ്റ്റോൺ ഓഫ് സ്കോൺ വച്ച, ചരിത്ര സിംഹാസനത്തിൽ അദ്ദേഹം ഇരിക്കും. (700 വർഷങ്ങൾക്കുമുൻപ് 1308ൽ എഡ്വേർഡ് രണ്ടാമൻ രാജാവാണ് കിരീടധാരണത്തിന് ആദ്യമായി സെന്റ് എഡ്വേർഡ്സ് ചെയർ ഉപയോഗിച്ചത്. പിന്നീട് ഇങ്ങോട്ടുള്ള കിരീടധാരണ ചടങ്ങുകൾക്ക് ഇത് ഉപയോഗിക്കപ്പെട്ടു.) സിംഹാസനത്തിൽ ഇരിക്കുന്ന ചാൾസിനെ കാന്റർബറി ആർച്ച്ബിഷപ്പ് ജറുസലേമിൽനിന്നുള്ള വിശുദ്ധ തൈലം കൊണ്ട് അഭിഷേകം ചെയ്യും. ഇതാണ് ചടങ്ങിലെ പ്രധാനമുഹൂർത്തം. രാജാവിന്റെ അധീനപ്രദേശങ്ങളിൽ ദൈവം അനുഗ്രഹം ചൊരിയുന്നതിന്റെ അടയാളമായാണ് ഇതു കാണപ്പെടുന്നത്.

പിന്നാലെ രാജവംശത്തിന്റെ അധികാരം, ക്രിസ്ത്യൻ ലോകം എന്നിവ പ്രതിനിധീകരിക്കുന്ന സോവറിൻസ് ഓർബ് കൈമാറുന്നു. (ഭൂഗോളത്തിനു മുകളിൽ കുരിശ് സ്ഥാപിച്ചിരിക്കുന്ന രീതിയിലാണിത്. വജ്രങ്ങളും മാണിക്യക്കല്ലും ഇന്ദ്രനീലക്കല്ലും മരതകവും പവിഴങ്ങളുമാണ് ചുറ്റിലും പതിപ്പിച്ചിരിക്കുന്നത്.) ശേഷം രാജാവിന്റെ അധികാരവും മികച്ച ഭരണനിർവഹണവും പ്രതിനിധീകരിക്കുന്ന സോവെറിൻസ് സ്കെപ്റ്റർ വിത് ക്രോസും ചാൾസിനു നൽകും. വാളുകളും കൊറോണേഷൻ റിങ്ങും നൽകും. രാജവംശത്തിന്റെ ആഭരണങ്ങളുടെ ഭാഗമാണിവയെല്ലാം. പിന്നാലെ രാജകിരീടം, സെന്റ് എഡ്വേർഡ്സ് ക്രൗൺ, ആർച്ച്ബിഷപ്പ് രാജാവിന്റെ തലയിൽ വച്ചുകൊടുക്കും. 350 വർഷങ്ങളായി ഈ കിരീടമാണ് വിവിധ രാജാക്കന്മാരെ വാഴിക്കാൻ ഉപയോഗിക്കുന്നത്.

ചാൾസിന്റെ പത്നി കാമിലയെ രാജ്ഞിയായി വാഴിക്കുന്ന ചടങ്ങും ഒപ്പം നടത്തും. പിന്നാലെ ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ എന്ന മറ്റൊരു കിരീടം ധരിച്ച് ചാൾസ് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്ന് ഘോഷയാത്രയായി കൊട്ടാരത്തിലേക്ക് മടങ്ങും. മുത്തച്ഛൻ കിങ് ജോർജ് ആറാമൻ 1937ൽ കിരീടധാരണത്തിനു ധരിച്ച ക്രിംസൺ, പർപ്പിൾ നിറത്തിലുള്ള സ്ഥാനവസ്ത്രം ആണ് ചാൾസ് ചടങ്ങിൽ ധരിക്കുക. പട്ടുകൊണ്ടു നിർമിച്ച തുന്നൽപ്പണികളേറെയുള്ള ഈ സ്ഥാനവസ്‌ത്രം 3,500 മണിക്കൂറെടുത്താണ് നിർമിച്ചത്.

രാജാവിന്റെയും രാജ്ഞിയുടെയും കിരീടധാരണ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ ഘോഷയാത്രയായി ആണ് ബക്കിങ്ങാം കൊട്ടാരത്തിലേക്കുള്ള മടക്കയാത്ര. കൊട്ടാരത്തിലെത്തിയതിനുപിന്നാലെ വ്യോമസേനാ വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റ് ഉണ്ടാകും. കൊട്ടാരത്തിന്റെ ബാൽക്കണിയിൽനിന്ന് രാജാവും രാജ്ഞിയും രാജകുടുംബവും ഇതു വീക്ഷിക്കും. ഞായർ വൈകിട്ട് വിൻസർ കാസിലിൽ പ്രമുഖ സംഗീതജ്ഞരും മറ്റും പങ്കെടുക്കുന്ന സംഗീതപരിപാടി ഉണ്ടാകും. അനുബന്ധ ചടങ്ങുകൾ ഞായറാഴ്ചയും തിങ്കളാഴ്ചയുമുണ്ടാകും.

∙ ക്വീൻ കാമില
ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയായി വാഴിക്കുന്ന ചെറിയ ചടങ്ങും കിരീടധാരണ ചടങ്ങിനൊപ്പം നടക്കുന്നുണ്ട്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. ചാൾസിനെ അഭിഷേകം ചെയ്തതുപോലെ കാന്റർബറി ആർച്ച്ബിഷപ്പ് കാമിലയെയും തൈലംകൊണ്ട് അഭിഷേകം ചെയ്യും. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണവേളയിൽ രാജപത്നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്തതാണു കാമില ധരിക്കുക. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി അവരുടെ സ്വകാര്യ ആഭരണശേഖരത്തിൽനിന്നുള്ള വജ്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോളനി ഭരണകാലത്ത് ഇന്ത്യയിൽനിന്നു ബ്രിട്ടിഷുകാർ കൈവശപ്പെടുത്തിയ കോഹിനൂർ രത്നം കാമില അണിയുമോയെന്ന വിവാദം ഉയർന്നിരുന്നു. രത്നം ഇന്ത്യയ്ക്കു തിരികെനൽകണമെന്ന ആവശ്യം ശക്തമായിരിക്കെ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനും നയതന്ത്ര സൗഹൃദം ഉറപ്പാക്കാനുമായി കോഹിനൂർ അണിയേണ്ടെന്നാണ് തീരുമാനം.

∙ ചാൾസിന്റെ ‘ഹാരി – ആൻഡ്രു’ തലവേദന
ചാൾസ് മൂന്നാമന്റെ ഇളയ സഹോദരനായ ആന്‍ഡ്രുവിനെതിരായി യുഎസിൽ ഒരു ലൈംഗിക പീഡന പരാതിയുണ്ട്. എന്നാൽ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ആന്‍ഡ്രു. കഴിഞ്ഞ മാസം മുൻ ഭാര്യ സാറാ ഫെർഗുസൻ ആൻഡ്രുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആൻഡ്രു നല്ല മനുഷ്യനാണെന്നും ജീവിതം തിരികെപ്പിടിക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്നുമായിരുന്നു സാറയുടെ നിലപാട്. വിവാഹമോചിതരാണെങ്കിലും ഇരുവരും ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നു.

ഇളയമകൻ ഹാരിയും പിതാവിനും കുടുംബത്തിനുമെതിരെ തുറന്ന യുദ്ധത്തിലാണ്. ‘സ്പെയർ’ എന്ന ആത്മകഥയും നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും ടിവി അഭിമുഖങ്ങളുമായി തുടരെത്തുടരെ ബക്കിങ്ങാം കൊട്ടാരത്തിനു പ്രഹരം നൽകുകയാണ് ഹാരി. മാധ്യമങ്ങളുടെ ഒളിഞ്ഞുനോട്ടത്തിൽനിന്ന് തന്നെയും ഭാര്യ മേഗനെയും സംരക്ഷിക്കാൻ കൊട്ടാരവും കുടുംബവും പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പിതാവിന്റെ കിരീടധാരണത്തിന് ഹാരി എത്തുമെന്ന തീരുമാനവും മക്കളെ നോക്കി കലിഫോർണിയയിലെ വീട്ടിൽ സമയം ചെലവിടുമെന്ന മേഗന്റെ തീരുമാനവുമാണ് ഏറ്റവുമൊടുവിൽ അച്ഛന്റെയും മകന്റെയും ബന്ധത്തിൽ പുറത്തുവന്ന വാർത്ത. വിഷയത്തിൽ ഖേദപ്രകടനം നടത്തുകയോ വിശദീകരിക്കുകയോ വേണ്ട, നിശബ്ദത മതിയെന്ന നിലപാടാണ് രാജകുടുംബം സ്വീകരിച്ചിരിക്കുന്നത്.

∙ ഇന്ത്യയിൽനിന്ന് സോനം കപൂറും!
മേയ് 7ന് വിൻസർ കാസിലിൽ നടക്കുന്ന കൊറോണേഷൻ കൺസേർട്ടിൽ സ്റ്റീവ് വിൻവുഡിനെയും കോമൺവെൽത് വെർച്വൽ ക്വയറിനെയും വേദിയിലേക്കു ക്ഷണിക്കുക എന്നതാണ് സോനം കപൂറിന്റെ ചുമതല. ബിബിസി, ബിബിസി സ്റ്റുഡിയോസ് എന്നിവയാണ് ഈ കൺസേർട്ടിനു പിന്നിൽ. ആഗോള തലത്തിലെ സംഗീതജ്ഞരും മറ്റു പ്രമുഖ വ്യക്തികളും ഇതിൽ പങ്കെടുക്കാനെത്തും.

കിരീടധാരണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് പങ്കെടുക്കുക. എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തിരുന്നു.

∙ ചെലവു വഹിക്കുന്നത് യുകെ സർക്കാർ
ബ്രിട്ടിഷ് ഭരണകൂടമാണ് കിരീടധാരണച്ചടങ്ങിന്റെ ചെലവു വഹിക്കുന്നത്. 1022 കോടി ഇന്ത്യൻ രൂപയാണ് ഏകദേശ ചെലവ് (125 ദശലക്ഷം യുഎസ് ഡോളർ). ബ്രിട്ടനിലെ ജീവിതച്ചെലവ് ഉയർന്ന സാഹചര്യത്തിൽ നികുതിദായകരെപ്പിഴിഞ്ഞ് ഇത്രയും തുക ചെലവിട്ട് കിരീടധാരണം നടത്തുന്നതിൽ ശക്തമായ എതിർപ്പ് ജനങ്ങളിൽ പകുതിപ്പേർക്കുമുണ്ടെന്നാണ് അഭിപ്രായസർവേകൾ പറയുന്നത്. 1953 ജൂൺ രണ്ടിന് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് അന്നത്തെ 1.5 ദശലക്ഷം പൗണ്ട് ആണ് ചെലവഴിച്ചത്. ഇന്നതിന് 46 ദശലക്ഷം പൗണ്ട് (472 കോടി ഇന്ത്യൻ രൂപ) ആണ് മൂല്യം കണക്കാക്കുന്നത്.







English Summary: The coronation guide: King Charles III settles into life as monarch, after a long wait