മേഘമലയിലെ ജനവാസ മേഖലയിൽ വിഹരിച്ച് അരിക്കൊമ്പൻ; വിഡിയോ പുറത്ത്
Mail This Article
മേഘമല∙ ഇടുക്കിയിലെ ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ ജനവാസമേഖലയില്‍ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട് അതിര്‍ത്തിയിലെ ജനവാസമേഖലയായ മേഘമലയില്‍ ഇന്നലെ വൈകിട്ട് വിഹരിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്.
അതേസമയം, മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന് തമിഴ്നാട്ടിലെ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടിന്റെ ചില ഭാഗങ്ങൾ തകർത്തതിന്റെ റിപ്പോർട്ടും ഫോട്ടോയുമാണ് പത്രത്തിൽ വന്നത്. മേഘമലയ്ക്കു താഴെ ലയം പോലെയുള്ള ഒരു കോളനിയുണ്ട്. രാത്രിയിൽ ഒരു ആന അവിടെ നാശം വിതച്ചുവെന്നാണു റിപ്പോർട്ട്. എന്നാൽ അരിക്കൊമ്പന്റെ ആക്രമണമാണോ ഇതെന്നു വ്യക്തമല്ല.
തമിഴ്നാട് വനംവകുപ്പും കേരള വനംവകുപ്പും അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നുണ്ട്. മേഘമലയ്ക്കു സമീപം മണലാർ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസവും അരിക്കൊമ്പനെ കണ്ടിരുന്നു. പിന്നീട് ഇവിടെനിന്ന് ആനയെ ഓടിക്കുകയായിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് വനംവകുപ്പ് നിർദേശിക്കുകയും ചെയ്തു.
അതേസമയം, അരിക്കൊമ്പനിൽ ഘടിപ്പിച്ച റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ അനുസരിച്ച് കേരളത്തിലെ പെരിയാർ റേഞ്ചിലേക്ക് ആന എത്തിയിട്ടുണ്ട്. നാലു ദിവസം കൊണ്ട് 40 കിലോമീറ്ററാണ് അരിക്കൊമ്പൻ സഞ്ചരിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.
English Summary: Visuals of Arikomban from Meghamalai out