ADVERTISEMENT

കോട്ടയം∙ ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി പാലാ നഗരസഭ. പാലാ ജയിലിന്റെ ബോർഡ് മാറ്റിയും ഗതാഗത തടസമുണ്ടാക്കിയും ചിത്രീകരണം നടത്തുന്നതിനെതിരെയാണ് പരാതി. പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആർഡിഒയോട് വിശദീകരണം തേടി.

വാഗമൺ വെള്ളികുളം പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. വെള്ളിയാഴ്ചയും ശനിയാഴ്ചയും പാലാ ജയിലിനു മുന്നിലും സമീപത്തെ റോഡിലുമായി ചിത്രീകരണം നടത്താൻ പാലാ നഗരസഭ അനുമതി നൽകിയിരുന്നു. സ്പെഷൽ കൗൺസിൽ അംഗീകരിച്ചതിനെ തുടർന്നായിരുന്നു അനുമതി.

എന്നാൽ ചിത്രീകരണത്തിന്റെ സാമഗ്രികളും വാഹനങ്ങളും ഇടുങ്ങിയ റോഡിലേക്ക് എത്തിയതോടെ മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. ഇതിനിടെ പാലാ സബ്ജയിലിന്റെ ബോർഡ് ഇടുക്കി ജില്ലാ ജയിൽ എന്നാക്കിയത് നിയമവിരുദ്ധമാണെന്നും പരാതി ഉയർന്നു. ചിത്രീകരണത്തിനായുള്ള ക്രെയിനും ജീപ്പും ചട്ടവിരുദ്ധമായി ജയിലിനുള്ളിൽ പ്രവേശിപ്പിച്ചു. ജയിൽ സമയം കഴിഞ്ഞും ചിത്രീകരണം നീണ്ടതോടെയാണ് നഗരസഭ ഇടഞ്ഞത്.

പാലാ നഗരസഭ ചെയർപഴ്സൻ ജോസിൻ ബിനോ നൽകിയ പരാതിയെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ആർഡിഒയുടെ വിശദീകരണം തേടിയത്. സംഭവം അന്വേഷിക്കാൻ ആർഡിഒ തഹസിൽദാരെ ചുമതലപ്പെടുത്തി. സംഭവം വിവാദമായതോടെ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള ചിത്രീകരണം നിർത്തിവച്ചു.

English Summary: Pala Municipality's complaint against Joshiy-Joju George's film 'Antony' shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com