കർണാടകയിൽ മുഖ്യമന്ത്രിയെ കണ്ടെത്താൻ വോട്ടെടുപ്പ്; സത്യപ്രതിജ്ഞ വ്യാഴാഴ്ച?

Mail This Article
ബെംഗളൂരു ∙ കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കോൺഗ്രസിൽ വോട്ടെടുപ്പ്. നിയുക്ത എംഎൽഎമാർക്കിടയിലെ വോട്ടെടുപ്പ് ഫലം നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിക്കും. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഖർഗെയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കിയിരുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നിയോഗിച്ച മൂന്ന് നിരീക്ഷകര്‍ എംഎല്‍എമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തും. സിദ്ധരാമയ്യയ്ക്ക് സാധ്യതയേറെ കല്‍പിക്കുന്നുണ്ടെങ്കിലും ഡി.കെ.ശിവകുമാര്‍ വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്നും സൂചനകളുണ്ട്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് മല്ലികാർജുൻ ഖർഗെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ആശയവിനിമയം നടത്തി. സോണിയ, ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. വിവിധ പാര്‍ട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും അനുയായികൾ എംഎൽഎമാരുടെ യോഗം നടക്കുന്ന ഹോട്ടലിന് മുന്നിൽ പ്രകടനം നടത്തി.
English Summary: Karnataka congress new cabinet and Chief minister