കേരളത്തിന് 32,440 കോടി രൂപ വായ്പയെന്ന് കേന്ദ്രം; അനുമതി ഇതുവരെ നല്‍കിയിട്ടില്ല

Mail This Article
തിരുവനന്തപുരം∙ ഈ സാമ്പത്തിക വര്‍ഷം 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. വായ്പയെടുക്കാനുള്ള ഔദ്യോഗിക അനുമതി ഇതുവരെ നല്‍കിയില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും മാസം തോറും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിനും ശമ്പളം, പെന്‍ഷന്‍ കുടിശിക നല്‍കുന്നതിനും സാഹചര്യമായിട്ടില്ലെന്നാണ് ധനവകുപ്പിന്‍റെ വാദം.
32,440 കോടി വരെ വായ്പയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും രേഖാമൂലം അനുമതി ലഭിക്കാതെ വായ്പ എടുക്കാനാകില്ല. ഈ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 9 മാസത്തേക്കുള്ള അനുമതി കേന്ദ്രം നൽകണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേതുപോലെ ഇത്തവണയും ഈ വായ്പാ പരിധിയില്‍ വെട്ടിക്കുറവ് വരുത്തുമോ എന്നും ധനവകുപ്പിന് ആശങ്കയുണ്ട്.
കഴിഞ്ഞ തവണ 32,400 കോടിയോളം വായ്പയെടുക്കാനായിരുന്നു കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ 5800 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വായ്പാ പരിധിയില്‍ നിന്ന് വെട്ടി. കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയുമെടുത്ത 14,312 കോടി രൂപ വായ്പ നാലുവര്‍ഷം കൊണ്ട് കേരളത്തിന്‍റെ വായ്പാ പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കാനായിരുന്നു കേന്ദ്രത്തിന്‍റെ തീരുമാനം.
സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടെന്ന് സിഎജിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചെലവുകള്‍ വെട്ടിക്കുറച്ചതോടെയാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്. ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാം എന്നതിനപ്പുറത്തേക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെയും യുജിസി അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടര്‍ എന്നിവ ഇപ്പോള്‍ കൊടുത്തുതീര്‍ക്കാനാവില്ല. മാസം തോറും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും സാഹചര്യമായില്ല. മാര്‍ച്ച് മുതലുള്ള മൂന്നു മാസത്തെ ക്ഷേമപെന്‍ഷന്‍ നൽകാനുണ്ട്.
English Summary: Center says Kerala can borrow Rs 32,440 crore this financial year