തൃശൂർ ∙ ചലച്ചിത്ര നിർമാതാവ് പി.കെ.ആർ പിള്ള (92) അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണക്കമ്പനിയുടെ ഉടമയായിരുന്നു. 16 സിനിമ അദ്ദേഹം നിർമിച്ചിട്ടുണ്ട്. ഏറെക്കാലമായി സിനിമാരംഗത്തു സജീവമല്ലാതിരുന്ന പിള്ളയ്ക്ക് ആരോഗ്യപ്രശ്നങ്ങളും ഓർമക്കുറവുമുണ്ടായിരുന്നു. സംസ്കാരം ബുധനാഴ്ച വൈകിട്ട്. ഭാര്യ: രമ ആർ. പിള്ള. മക്കൾ: രാജേഷ്, പ്രീതി, സോനു, പരേതനായ സിദ്ധാർഥ്.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ പി.കെ.രാമചന്ദ്രൻ പിള്ളയ്ക്ക് മുംബൈയിൽ കയറ്റുമതി ബിസിനസായിരുന്നു. ഇന്ദിര ഗാന്ധിയുമായി സൗഹൃദമുണ്ടായിരുന്ന പിള്ള അക്കാലത്ത് മുംബൈ മുനിസിപ്പാലിറ്റിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും മൽസരിച്ചു. 1984 ല്‍ ‘വെപ്രാളം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രനിർമാണരംഗത്തേക്കുള്ള പ്രവേശനം. അതിൽ അഭിനയിച്ചു.
എൺപതുകളിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സിനിമകൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയിലുണ്ട്. ‘ചിത്രം’ എന്ന സിനിമ നിർമാതാവ് എന്ന നിലയിൽ പിള്ളയുടെ തലവര മാറ്റിക്കുറിച്ചു. പിന്നാലെ വന്ദനം, അർഹത, കിഴക്കുണരും പക്ഷി, അഹം തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു. 2002 ൽ പുറത്തിറങ്ങിയ ‘പ്രണയമണിത്തൂവലാ’ണ് അവസാനം നിർമിച്ച ചിത്രം.
English Summary: Film Producer PKR Pillai Passed Away